ഹൈദരാബാദ്: തിരുമലയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഹിന്ദുക്കളെ മാത്രമേ ജോലിക്കെടുക്കാവൂ എന്നും മറ്റ് മതവിഭാഗങ്ങളിലെ ജീവനക്കാരെ സ്ഥലം മാറ്റുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. തന്റെ ചെറുമകനായ എൻ.ദേവാൻഷ് നായിഡുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്ക് മറ്റ് സ്ഥലങ്ങളിൽ ജോലി നൽകും. ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ ഹൈന്ദവ ഇടങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ടു തന്നെ സ്ഥലം മാറ്റം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ദേവലോക്, എംആർകെആർ, മുംതാസ് ബിൽഡേഴ്‌സ് എന്നിവർക്ക് ഹോട്ടൽ നിർമ്മിക്കാനായി തിരുപ്പതിയിൽ 35 ഏക്കർ ഭൂമി അനുവദിച്ചത് റദ്ദാക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സർക്കാരാണ് ഈ ഭൂമി അനുവദിച്ചത്.
ക്ഷേത്ര പരിസരത്ത് ആഡംബര ഹോട്ടലുകൾ നിർമ്മിക്കുന്നതിനെതിരെ ഉയർന്ന കടുത്ത എതിർപ്പിനെ തുടർന്നും ക്ഷേത്രനഗരത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിനാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരങ്ങളിൽ വെങ്കിടേശ്വര ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സംസ്ഥാനത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും ഉടൻ കത്തെഴുതുമെന്നും മുഖ്യന്ത്രി അറിയിച്ചു.
ഫെബ്രുവരി ഒന്നിന് തിരുമലയിൽ നിന്ന് സ്ഥലം മാറ്റിയ 18 ജീവനക്കാരിൽ ആറ് പേർ വിവിധ ടിടിഡി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരായിരുന്നു. മറ്റുള്ളവരിൽ ഒരു ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ (വെൽഫെയർ), ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ, ഒരു അസിസ്റ്റന്റ് ടെക്നിക്കൽ ഓഫീസർ (ഇലക്ട്രിക്കൽ), ഒരു ഹോസ്റ്റൽ ജീവനക്കാരൻ, രണ്ട് ഇലക്ട്രീഷ്യൻമാർ, രണ്ട് നഴ്‌സുമാർ എന്നിവരും ഉൾപ്പെടുന്നു.