ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ സംഭവത്തിൽ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ച പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് ചാർത്തുന്നതിന് പകരം പാകിസ്ഥാൻ ഉള്ളിലേക്ക് നോക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം പാകിസ്ഥാൻ സ്വയം പരിശോധിക്കണമെന്നും പാകിസ്ഥാൻ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. ബലൂചിസ്ഥാനിലെ ഭീകരതയെ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.
ഇന്ത്യ ‘ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നു’ എന്നും അയല്‍രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നെന്നും ഒരു മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
“പാകിസ്ഥാൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഞങ്ങൾ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം” എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. “സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് മാറ്റുന്നതിന് പകരം പാകിസ്ഥാൻ സ്വയം നോക്കണം.”
പാകിസ്താനിലെ തെക്ക്- പടിഞ്ഞാറന്‍ ബലൂചിസ്താൻ പ്രവിശ്യയായ ക്വെറ്റയില്‍നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് കഴിഞ്ഞദിവസം വിഘടനവാദികള്‍ കൈയടക്കിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നത്. 30 മണിക്കൂര്‍ നേരം നീണ്ട ട്രെയിന്‍ റാഞ്ചലില്‍ 21 ബന്ദികളും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
ട്രെയിന്‍ ആക്രമണം വിദേശത്ത് ആസൂത്രണം ചെയ്തതാണെന്നും ഇന്ത്യയെ നേരിട്ട് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടില്ലെന്നും പാക് വിദേശകാര്യ ഓഫീസ് വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ പറഞ്ഞു. ട്രെയിന്‍ ഉപരോധത്തിലുടനീളം ബിഎല്‍എ വിമതര്‍ അഫ്ഗാനിസ്താനിലുള്ള അവരുടെ കൂട്ടാളികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ നയത്തിൽ ഒരു മാറ്റവുമില്ല. വീണ്ടും, വസ്തുതകൾ മാറിയിട്ടില്ല. പാകിസ്ഥാനെതിരെ ഭീകരതയെ സ്പോൺസർ ചെയ്യുന്നതിൽ ഇന്ത്യയ്ക്ക് പങ്കുണ്ട്,” ഖാൻ പറഞ്ഞു. “ഈ പ്രത്യേക സംഭവത്തിൽ, അഫ്ഗാനിസ്ഥാനിലേക്ക് ഫോൺ കോളുകൾ വന്നതിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്.” അദ്ദേഹം പറഞ്ഞു.