തിരുവനന്തപുരം: കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്തൽ ഡോക്ടറായ യുവതി മരിച്ചു. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ ആദർശിൻ്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. പുലർച്ചെ രണ്ടുമണിക്ക് കഴുത്ത് കറുത്ത നിലയിൽ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവ സമയം ഭർത്താവും ഭർതൃമാതാവും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഭര്‍ത്താവ് അനൂപിന്റെ അമ്മ ചികിൽസയിലായതിനാൽ അവർക്കൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്. രാത്രി ഒരു മണിയോടെ സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് സൗമ്യയെ വീട്ടിലെ ശുചിമുറിയിൽ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ദന്തൽ ഡോക്ടർ കൂടിയായ സൗമ്യ നാലുവർഷം മുമ്പാണ് വിവാഹിതയായത്. പഠനം പൂര്‍ത്തിയായെങ്കിലും കുട്ടികൾ ഇല്ലാത്തത് ഇവരെ മാനസികമായി അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. സൗമ്യ മാനസികപ്രയാസമനുഭവിച്ചിരുന്നതായി ബന്ധുകള്‍ പറഞ്ഞു. ഭര്‍ത്താവ് അനൂപ് ടെക്‌നോ പാര്‍ക്ക് ജീവനക്കാരനാണ്.