ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “ഏവർക്കും സന്തോഷകരമായ ഒരു ഹോളി ആശംസിക്കുന്നു. ഈ ഉത്സവകാലം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ ജനമനസുകളിൽ നിറയ്‌ക്കട്ടെ, മോദി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
നിറങ്ങളുടെ ഉത്സവത്തിൽ ആറാടി ഉത്തരേന്ത്യ. ചായങ്ങൾ പൂശിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യൻ ജനത. ശൈത്യകാലത്തിൽ നിന്നും ഉത്തരേന്ത്യ വസന്തത്തെ വരവേൽക്കുന്നത് നിറങ്ങളുടെ ഉത്സവത്തോടെയാണ്. മധുരം കഴിച്ചും, സൗഹൃദം പങ്കിട്ടും, ജനങ്ങൾ ഒത്തു കൂടുമ്പോൾ ഇവിടെ നിറങ്ങൾക്കു മാത്രമാണ് സ്ഥാനം. ഇന്ന് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജാ ചടങ്ങുകളുമുണ്ടാകും.
പൊതുവിടങ്ങളിൽ നിറമെറിഞ്ഞുള്ള ആഘോഷം അതിരുവിടാതിരിക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തവണ ഹോളിയും റംസാൻ മാസത്തിലെ വെള്ളിയാഴ്ച നമസ്കാരവും ഒരുമിച്ചുവരുന്നത് സംഘർഷങ്ങളിലേക്ക് നയിക്കുമോയെന്ന ആശങ്കയിൽ ഉത്തരേന്ത്യയിലാകെ ജാഗ്രതാ നിർദേശവുമുണ്ട്.