ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ, എകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസിസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ഇന്നലെ നടന്ന മത്സരത്തില്‍ ഓസിസിന്റെ ടോപ്‌സ്‌കോററും സ്മിത്ത് ആയിരുന്നു. അതേസമയം, സ്മിത്ത് ടെസ്റ്റിലും ടി20യിലും തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രണ്ടു തവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന സ്മിത്ത്, ഏകദിന ഫോർമാറ്റിൽനിന്ന്ന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടീം തോറ്റെങ്കിലും, 73 റൺസുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോററായത് സ്മിത്തായിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
ഇതൊരു മികച്ച യാത്രയായിരുന്നെന്നും ഒരോ നിമിഷവും തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നെന്നും സ്മിത്ത് പറഞ്ഞു. നിരവധി അത്ഭുതകരമായ നിമിഷങ്ങളും വിസ്മയകരമായ ഓര്‍മകളും ഉണ്ടായിട്ടുണ്ട്. രണ്ട് ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമാകാനായത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും സ്മിത്ത് പറഞ്ഞു. 2027ലെ ലോകകപ്പിനായി തയ്യാറെടുക്കാന്‍ ഓസിസ് ടീമിന് മികച്ച അവസരമാണിത്. അതിനാല്‍ വഴിമാറാന്‍ ശരിയായ സമയമാണിതെന്ന് സ്മിത്ത് വ്യക്തമാക്കി. അതേസമയം, ടെസ്റ്റ് ഫോർമാറ്റിൽ തുടർന്നും കളിക്കുമെന്ന് സ്മിത്ത് വ്യക്തമാക്കി. ഒന്നര പതിറ്റാണ്ടു പിന്നിട്ട കരിയറിൽ ഇന്ത്യയ്‌ക്കെതിരെ ദുബായിൽ ഇന്നലെ നടന്ന ചാംപ്യൻസ് ട്രോഫി സെമിഫൈനൽ താരത്തിന്റെ അവസാന മത്സരമായി.
2010 ഫെബ്രുവരി 19ന് വെസ്റ്റിൻഡീസിനെതിരെ മെൽബണിൽ നടന്ന മത്സരത്തോടെയാണ് ഏകദിന ക്രിക്കറ്റിൽ സ്മിത്തിന്റെ അരങ്ങേറ്റം. 2015ൽ ഐസിസിയുടെ ഏകദിന ടീമിലും ഇടം പിടിച്ചു. 2015, 2021 വർഷങ്ങളിൽ ഓസ്ട്രേലിയയിലെ മികച്ച ഏകദിന കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസീലന്‍ഡിനെതിരെ 2016ല്‍ നേടിയ 164 റണ്‍സാണ് ഏകദിനത്തിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമില്‍ അരങ്ങേറിയ സ്മിത്ത് 28 വിക്കറ്റുകളും സ്വന്തമാക്കി. മികച്ച ഫീല്‍ഡറായ സ്മിത്തിന്റെ പേരില്‍ 90 ക്യാച്ചുകളുമുണ്ട്. 170 ഏകദിനങ്ങള്‍ കളിച്ച സ്മിത്ത് 43.28 ശരാശരിയില്‍ 5800 റണ്‍സ് നേടി. 86.96 ആണ് സ്‌ട്രൈക്ക് റേറ്റ്. 12 സെഞ്ച്വറികളും 35 അര്‍ധസെഞ്ചറികളും നേടി. ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ 12ാം സ്ഥാനത്തോടെയാണ് സ്മിത്ത് കളമൊഴിയുന്നത്. രണ്ട് തവണ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. പരിക്കുമൂലം സ്ഥിരം നായകന്‍ പാറ്റ് കമിന്‍സ് ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന സ്റ്റീവ് സ്മിത്ത് ചാംപ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിച്ചത്.