ആറ് ആഴ്ച നീണ്ടു നിന്ന മഹാ കുംഭമേളയ്ക്ക് ഇന്ന് സമാപനം. പ്രയാഗ്രാജ് കുംഭമേള നഗരിയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ഇന്ന് ശിവരാത്രി ദിനത്തിൽ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ വിശദമാക്കുന്നത്. ഇന്ന് ഒരു കോടിയിലധികം ഭക്തർ സംഗമത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച 1.33 കോടി ഭക്തർ സംഗമത്തിലും മേള പ്രദേശത്തെ മറ്റ് ഘട്ടുകളിലുമായി പുണ്യസ്നാനം നടത്തി, ഇതോടെ 2025 ലെ മഹാ കുംഭമേളയ്ക്കുള്ള മൊത്തം തിരക്ക് 65 കോടി കവിഞ്ഞു
പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ ഐതിഹ്യം. കുഭമേള സമയത്ത് ഈ നദികളിലെ വെള്ളം അമൃതാകുമെന്നും ആ സമയത്ത് പുണ്യ നദിയില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. പാപങ്ങളെല്ലാം നീങ്ങി മോക്ഷത്തിലേക്ക് അടുക്കാൻ ഇത് സഹായിക്കുമെന്നും വിശ്വസിച്ചു പോരുന്നു. 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്.
ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേളയിൽ ഏകദേശം 40 കോടി സന്ദർശകർ പങ്കെടുക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 24 ആയപ്പോഴേക്കും 63 കോടിയിലധികം പേർ പങ്കെടുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ സ്ഥിരീകരിച്ചതോടെ ഈ കണക്ക് വളരെയധികം മറികടന്നു.
അതീവ ജാഗ്രതയിലാണ് യു.പി പോലീസ്. റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ, നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ ഭക്തരുടെ നിരന്തരമായ ഒഴുക്ക് അനുഭവപ്പെട്ടു. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനും, ലോജിസ്റ്റിക്കൽ ഏകോപനം ഉറപ്പാക്കുന്നതിനും പോലീസ്, അർദ്ധസൈനിക സേനകൾ, ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന അന്തിമ അമൃത് സ്നാനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകരെ ഉൾക്കൊള്ളുന്നതിനായി പ്രയാഗ്‌രാജിൽ നിന്ന് 350 ലധികം അധിക ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു.