പുണ്യമാസമായ റമദാനെ വരവൽക്കാൻ ഒരുങ്ങുക എന്ന സന്ദേശം നൽകിക്കൊണ്ട് പാരമ്പരാഗതമായി നടക്കുന്ന ദാനങ്ങളുടെ രാത്രി എന്ന പരിപാടിയുടെ ഭാഗമായാണ് ഗ്ലോബൽ വില്ലേജിൽ ഹഗ് അൽ ലൈല ഒരുക്കിയത്. “അതോന ഹഗ് അൽ ലൈല” എന്ന് ചൊല്ലിക്കൊണ്ട് കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ദാനങ്ങളുടെ രാത്രി എന്ന ഹാഗ് അൽ ലീല പരിപാടിക്ക് ഗ്ലോബൽ വില്ലേജിൽ എത്തിയിരുന്നു. എമിറാത്തി പരമ്പരാഗത വസ്ത്രം ധരിച്ച മുതിർന്നവരിൽ നിന്ന് മധുരപലഹാരങ്ങൾ, ചെറിയ സമ്മാനങ്ങൾ, ചെറുധാന്യങ്ങൾ എന്നിവയെലാം സമ്മാനമായി ചെറു തുണി സഞ്ചികൾ ശേഖരിക്കുന്നത് പാരമ്പര്യത്തെ വിളിച്ചോതുന്ന കൗതുക കാഴ്ചകളുമായി. പരമ്പരാഗത സംഗീതതോടൊപ്പം ഈന്തപ്പനയോലകൾ, വിളക്കുകൾ, നെയ്ത പായകൾ എന്നിവയാലെല്ലാം അലങ്കരിച്ച് ഒരുക്കിയിരിക്കുന്ന ഗ്ലോബൽ വില്ലേജിലെ ഈ പ്രത്യേക ഇടം സന്ദർശകർക്കും വേറിട്ടൊരു അനുഭവമായിരുന്നു.

പുണ്യമാസമായ റമദാൻ ആരംഭിക്കുന്നതിന് 15 ദിവസം മുൻപ് തുടങുന്ന പരമ്പരാഗത ആചാരം ആണിത്. റമദാന് വേണ്ടി ഉള്ള ഒരുക്കത്തിൽ കുട്ടികൾ തൊട്ടടുത്ത വീടുകളിലെ മുതിർന്നവരിൽ നിന്ന് സമ്മാനപൊതികളും മറ്റും സ്വീകരിക്കുന്ന ചടങ്ങാണിത്. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് ഗ്ലോബൽ വില്ലേജിൽ നടക്കുന്ന ഹഗ് അൽ ലൈല.

കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളായ ഘുബൈഷയുടെയും ഒമൈറും സമ്മാനപ്പൊതികളുമായി എത്തിയതും കുട്ടികൾക്ക് ആവേശമായിരുന്നു. കൂടെ നിന്ന് ഫോട്ടോകൾ എടുക്കാനും കുട്ടികൾ മത്സരിച്ചു. ഡോനട്ട് ക്രാഫ്റ്റ്, കന്തൂറ ആർട്ട് തുടങ്ങിയ വർക്ക്ഷോപ്പുകളിൽ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗാത്മകത വെളിവാക്കാനുള്ള വേദികൂടി ഇവിടെ ഒരുക്കിയിരുന്നു. ഫെബ്രുവരി 13-16 വരെ വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെ ഹഗ് അൽ ലൈല അരങ്ങേറും.