പ്രയാഗ് രാജിലെത്തി കുംഭമേളയിൽ പങ്കെടുത്ത് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ത്രിവേണി സംഗമത്തിൽ അമൃത സ്നാനം നടത്തി. കുടുംബസമേതം ആണ് അദ്ദേഹം ഇന്ന് മഹാകുംഭമേളയിൽപങ്കെടുത്തത്. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും മന്ത്രിമാരും മറ്റും ഗവർണറോടൊപ്പം അമൃതസ്നാനത്തിനെത്തിയിരുന്നു. രാവിലെ പ്രത്യേക വിമാനത്തിൽ ഭാര്യ അഡ്വ. റീത്ത, മകൻ അഡ്വ .അർജുൻ ശ്രീധർ, മരുമകൻ അഡ്വ.അരുൺ കൃഷ്ണധൻ എന്നിവരോടൊപ്പമാണ് പ്രയാഗ് രാജിലെത്തി അമൃതസ്നാനം നടത്തിയത്.
ഇതുവരെ 50 കോടിയിലധികം ആളുകളാണ് കുംഭമേളയിൽ പങ്കെടുത്തത്. ഫെബ്രുവരി 26-നുള്ളിൽ 60 കോടി കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാകുംഭമേള ആരംഭിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 45 കോടി ഭക്തർ എത്തുമെന്നാണ് പ്രവചിച്ചിരുന്നത്.
പ്രധാന സ്നാന ദിവസങ്ങളായ ജനുവരി 29-ന് മൗനി അമാവാസിയിൽ എട്ട് കോടി വിശ്വാസികൾ സ്നാനം ചെയ്തു. മകരസംക്രാന്തി ദിനത്തിൽ 3. 5 കോടി ആളുകളാണ് പ്രയാഗ്‌രാജിൽ എത്തിയത്. പൗഷപൗർണമി ദിവസം 1.7 കോടി ഭക്തർ സ്നാനം ചെയ്തു. വസന്തപഞ്ചമിക്ക് 2.7 കോടി പേരും മാഘപൗർണമി ദിവസം രണ്ട് കോടിയിലധികം ആളുകളും കുംഭമേളയിൽ പങ്കെടുത്തു.