രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം ഫ്രാൻസിൽ നിന്നും വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്. വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ്പ് ആയിരുന്നു ലഭിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നിര്‍ണായക വിഷയങ്ങളില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ചര്‍ച്ച നടത്തും. ടെസ്ല ഉടമയും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോണ്‍ മസ്‌കുമായും മോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം ഫ്രാൻസിൽ നിന്നും വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്. വാഷിംഗ്ടണിന് അടുത്തുള്ള അൻഡ്രൂസ് എയർഫോഴ്‌സ് വിമാനത്താവളത്തിൽ ആണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്. ഇവിടെ നിന്നും അദ്ദേഹം അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലേക്ക് പോയി. മോദിയുടെ സന്ദർശനം അറിഞ്ഞ് നിരവധി ഇന്ത്യക്കാർ ആയിരുന്നു ബ്ലെയർ ഹൗസിന് മുൻപിൽ തടിച്ച് കൂടിയത്. ഇന്ത്യക്കാരെ അദ്ദേഹം അഭിവാദ്യം ചെയ്തു.
പ്രധാനമന്ത്രി അമേരിക്കൻ ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ തുളസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി. ദേശീയ രഹസ്യാന്വേഷണം വിഭാഗം ഡയറക്ടറായി അടുത്തിടെ ആയിരുന്നു തുളസി ചുമതലയേറ്റത്. ഇതിൽ തുളസിയെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം ആരംഭിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ദീർഘമായി തുടരുന്ന സൗഹൃദ്യം ഇരുവരും ചേർന്ന് വിലയിരുത്തി. ഈ സൗഹൃദം എല്ലാക്കാലവും തുടരുമെന്നും ഇരുവരും ഉറപ്പ് നൽകി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിന് വേണ്ടിയുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിയോടെ ആകും പ്രധാനമന്ത്രിയും പ്രസിഡന്റ് ഡൊണാൾട് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളെയും സംബന്ധിക്കുന്ന നിർണായക വിഷയങ്ങൾ ചർച്ചയാകും. വ്യാപാരവും ചുങ്കവും ആയിരിക്കും ട്രം- മോദി കൂടിക്കാഴ്ചയിൽ ചർച്ചയാകുന്ന പ്രധാന വിഷയം. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്ക വ്യാപാര ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് താരിഫിൽ 25 ശതമാനം ഇളവും ട്രംപ് നൽകിയിരുന്നു. ഇത് രാജ്യങ്ങൾ തമ്മിലുള്ള വ്യാപര ബന്ധത്തിന് മാറ്റങ്ങൾ ഉണ്ടാകുന്നതിന് കാരണം ആയി. ഈ സാഹചര്യത്തിലാണ് വ്യാപാരവും ചുങ്കവും കൂടിക്കാഴ്ചയിൽ ചർച്ചയാകുന്നത്.
അനധികൃത കുടിയേറ്റം ആകും അടുത്തതായി ഇരുവരും തമ്മിൽ ചർച്ച ചെയ്യുക. അനധികൃതമായി ഇന്ത്യയിൽ കഴിയുന്നവരെ തിരികെ അയക്കുന്ന നടപടികൾ ട്രംപ് തുടരുകയാണ്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയേക്കും. ട്രംപ് അധികാരത്തിൽ എത്തിയ ശേഷം അമേരിക്ക സന്ദർശിക്കുന്ന മൂന്നാമത്തെ ലോക നേതാവ് ആണ് മോദി.
ലോകത്തിനാകെ പ്രയോജനപ്രദമായ വിധത്തില്‍ ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. അനധികൃത കുടിയേറ്റം ആരോപിച്ച് ഇന്ത്യക്കാരെ കാലില്‍ ചങ്ങലയണിയിച്ച് തിരിച്ചയച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തെക്കുറിച്ച് അമേരിക്കയില്‍ മോദി പ്രതികരിക്കുമോ എന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം.