അൽ ഐനിലെ പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ലുലു റീട്ടെയിലും അൽ ഫലാജ് ഇൻവെസ്റ്റ്മെന്റും ധാരണയിലെത്തി. അബുദാബിയിൽ നടന്ന ചടങ്ങിൽ ലുലു റീട്ടെയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാവാലയും അൽ ഫലാജ് ഇൻ വെസ്റ്റ്മെന്റ് മാനേജിംഗ് ഡയറക്ടർ ഹംദാൻ അൽ കെത്ബിയും ലുലു ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു.
അൽ ഐൻ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിലാണ് 20,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നത്. അൽ ഐനിലെ പുതിയ പദ്ധതിക്കായി അൽ ഫലാജ് ഇൻവെസ്റ്റ്മെന്റുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലോകോത്തരമായ ഷോപ്പിംഗ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് അൽ ഐനിലെ പുതിയ പദ്ധതിയെന്നും യൂസഫലി പറഞ്ഞു. ഈ വർഷം ഒക്ടോബറോടെ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു റീട്ടെയിൽ ഗ്ലോബൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ സലീം വി.ഐ., ഗ്രൂപ്പ് ഡയറക്ടർമാരായ എം.എ. സലീം, മുഹമ്മദ് അൽത്താഫ്, ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവരും സംബന്ധിച്ചു.