സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിക്കുന്ന പകുതി വില തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഡിജിപി പുറത്തിറക്കി. എഡിജിപിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുക. ഈ കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കൊച്ചി സിറ്റി, കണ്ണൂര്‍, എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 34 കേസുകളാണ് നിലവില്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.
പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ സീഡ് സൊസൈറ്റിക്കെതിരെ സംസ്ഥാനമൊട്ടാകെ പരാതിയാണ് ലഭിക്കുന്നത്. തട്ടിപ്പ് നടത്തിയതിൽ, സൊസൈറ്റി ഉടമസ്ഥൻ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കേന്ദ്ര സർക്കാർ പദ്ധതിയെന്നും പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ടുണ്ടെന്നും പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പകുതി വിലയ്ക്ക് പഠനോപകരണങ്ങളും തയ്യിൽ മെഷീനും നൽകിയാണ് തട്ടിപ്പിൻ്റെ തുടക്കം. പിന്നീട് പകുതി വിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന വാഗ്ദാനത്തിൽ ഇയാൾ പലരിൽ നിന്നായി പണം വാങ്ങി.മൂവാറ്റുപുഴയിൽ നടന്ന സമാന തട്ടിപ്പിൽ സൊസൈറ്റി ഉടമസ്ഥൻ അനന്തുകൃഷ്ണൻ അറസ്റ്റിലായതോടെയാണ് പലരും തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തുന്നത്. കണ്ണൂർ ടൗൺ, വളപട്ടണം, മയ്യിൽ, ശ്രീകണ്ഠാപുരം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലേക്ക് നിരവധി സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായെത്തിയത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 960 സ്കൂട്ടറുകളാണ് നൽകാനുള്ളത്.