അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന കർശന നടപടികളുടെ ഭാഗമായി, 13 കുട്ടികൾ ഉൾപ്പെടെ 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം അമൃത്സറിൽ വന്നിറങ്ങി.ടെക്സസിലെ സാൻ അന്റോണിയോയിൽ നിന്ന് പറന്നുയർന്ന സി-17 യുഎസ് സൈനിക വിമാനം ഉച്ചയ്ക്ക് 1.59 ന് ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. 79 പുരുഷന്മാരും 25 സ്ത്രീകളും അടങ്ങുന്ന 104 പേരുടെ സംഘത്തെ സ്വീകരിക്കാൻ പോലീസും സിവിൽ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു.
ജനുവരി 20 ന് ട്രംപ് അധികാരമേറ്റ ആദ്യ ദിവസം ആരംഭിച്ച വൻതോതിലുള്ള നടപടികളുടെ ഭാഗമായി ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ യുഎസിൽ നിന്ന് നാടുകടത്തുന്നത് ഇതാദ്യമാണ്. 104 അനധികൃത കുടിയേറ്റക്കാരിൽ 33 പേർ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും, 30 പേർ പഞ്ചാബിൽ നിന്നുള്ളവരും, മൂന്ന് പേർ വീതം മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും, രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുള്ളവരുമാണ്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും യുഎസ്-മെക്സിക്കോ അതിർത്തിയിൽ വെച്ചാണ് പിടിക്കപ്പെട്ടതെന്ന് റിപോർട്ടുകൾ പറയുന്നു.