ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാനെത്തുന്നു. 26ന് ഞായറാഴ്ച രാത്രി 8.30 ന് പ്രധാന വേദിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ ഷാരൂഖ് പങ്കെടുക്കും.
പുതിയ സീസണിന്‍റെ തുടക്കത്തിൽ ഒക്ടോബർ മാസത്തിൽ ഇന്ത്യൻ സിനിമയായ ലക്കി ഭാസ്‌കറിലെ താരങ്ങളായ ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും ആഗോള ഗ്രാമത്തിലെത്തിയിരുന്നു. 2024 ഡിസംബറിൽ വരുൺ ധവാനും കീർത്തി സുരേഷും ചലച്ചിത്ര നിർമ്മാതാവ് ആറ്റ്‌ലിയും അവരുടെ ബേബി ജോൺ എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ സന്ദർശനം നടത്തിയിരുന്നു.
നിരവധി പ്രശസ്തർ ഇതിനോടകം തന്നെ ദുബായ് ഗ്ലോബൽ വില്ലേജിൽ എത്തിയിരുന്നു. ‘ജലേബി ബേബി’ എന്ന ജനപ്രിയ ഗാനം പുറത്തിറക്കിയ കനേഡിയൻ റാപ്പറും ഗായകനുമായ ടെഷറിന്‍റെ പ്രകടനവും ഗ്ലോബൽ വില്ലേജിൽ അരങ്ങേറിയിരുന്നു.
ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ പുലർച്ചെ 12 വരെയാണ് ഗ്ലോബൽ വില്ലേജ് സന്ദർശന സമയം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒരു മണിവരെ സന്ദർശനം അനുവദിക്കും. ഇത്തവണ പുതുമയാർന്ന ആഘോഷ പരിപാടികളാണ് ആഗോള ഗ്രാമത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഈ വർഷം പുതിയ മൂന്ന് പവലിയൻ ഉൾപ്പടെ വിവിധ രാജ്യങ്ങളുടെ 30 പവലിയനുകളിലായി 90ലധികം ലോക സംസ്കാരങ്ങളെയാണ് ഈ ആഗോളഗ്രാമം പ്രദർശിപ്പിക്കുക. 3500 ഷോപ്പിങ് ഔട്ട്ലെറ്റുകൾ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. 250ലധികം വൈവിധ്യമാർന്ന രുചികളും സന്ദർശകരെ കാത്തിരിക്കുന്നു. റൈഡുകളുടെയും ഗെയിമുകളുടെയും എണ്ണം 200ലധികമായി വർധിപ്പിച്ചിട്ടുണ്ട്.