വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുന്ന സി.പി.എം മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ. ഗവർണറായി എത്തുമ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആർലേക്കർ പറഞ്ഞു. വി.എസിനെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഗവർണർ കണ്ടത്.
‘ഭാഗ്യവശാൽ അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചു. ആരോഗ്യപ്രശ്നനങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തിന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും നേരിട്ട് കണ്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞു. നിലവിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല , വി എസിനെ കാണണമെന്ന് ഒരുപാട് ആഗ്രഹമുള്ളത് കൊണ്ടാണ് വന്നത്, എന്നും ആരോഗ്യവാനായി ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ‘അദ്ദേഹം പറഞ്ഞു. വി എസിനെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം.
യു ജി സി ബില്ലിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് ഒരു ജാനാധിപത്യ രാജ്യമാണെന്നും എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞ ആർലേക്കർ ഇപ്പോൾ പുറത്തു വന്നത് കരട് നയമാണെന്നും ചർച്ചകളിലൂടെ മാത്രമേ അന്തിമ തീരുമാനത്തിലെത്തുകയുള്ളു എന്നും വ്യക്തമാക്കി.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചിരുന്നു