ഉത്തരേന്ത്യയിൽ അതിശക്തമായി മൂടൽ മഞ്ഞ് തുടരുകയാണ്. വടക്കേ ഇന്ത്യയിലുടനീളം ഗതാഗത സംവിധാനങ്ങളെ മൂടൽ മഞ്ഞ് ബാധിച്ചു. ശക്തമായ മൂടൽ മഞ്ഞിനെ തുടർന്ന് ബുധനാഴ്ച ഫ്ലൈറ്റുകളും ട്രെയിനുകളും വൈകി. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പുറപ്പെടുന്ന ഫ്ലൈറ്റുകളെയും ദില്ലിയിലേക്ക് പുറപ്പെട്ട ട്രെയിനുകളെയും മൂടൽമഞ്ഞ് സാരമായി ബാധിച്ചതിനെ തുടർന്ന് വൈകി. ഒന്നിലധികം സംസ്ഥാനങ്ങളിൽ കാഴ്ച മറയ്ക്കും വിധം മൂടൽ മഞ്ഞ് ശക്തമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിലെ വടക്കൻ ഭാഗങ്ങളിലും, ബീഹാർ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥലങ്ങളിലുമാണ് കടുത്ത മൂടൽമഞ്ഞ് ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 10.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ബുധനാഴ്ച രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയത്.
അയോധ്യ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞ് മൂടലുള്ളതായി അനുഭവപെട്ടു. 11 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അയോധ്യയിൽ ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്.
കനത്ത മൂടൽമഞ്ഞ് ട്രെയിൻ യാത്രയെയും റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കൊടും തണുപ്പിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രി അഭയത്തിനായി ദില്ലിയിലെ അർബൻ ഷെൽട്ടർ ഇമ്പ്രൂവ്മെന്റ് ബോർഡ് പലസ്ഥലങ്ങളിലായി 235 ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. അതേസമയം രാജ്യ തലസ്ഥാനത്തെ വായുമലിനീകരണവും മോശമായി തന്നെ തുടരുകയാണ്.