നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണത്തിൽ അന്വേഷണം തുടരാൻ തീരുമാനിച്ച് പോലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷം ആയിരിക്കും പേലീസ് തുടർനടപടികൾ സ്വീകരിക്കുക. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത ഇല്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ ഇത് ഉറപ്പിക്കാൻ കഴിയൂ എന്നാണ് അന്വേഷണസംഘത്തിൻ്റെ നിലപാട്. കുടുംബത്തിൻ്റെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ വീണ്ടും മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യും. ആദ്യ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായിരുന്നവരുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഇതും പരിശോധിക്കും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് കൂടുതൽ നടപടികൾ സ്വീകരിക്കുക.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വീണ്ടും സമാധിയായി സംസ്കരിച്ചിരുന്നു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാൻ പൊളിച്ചു മാറ്റിയ കല്ലറയ്ക്ക് പകരം വിശാലമായ കല്ലറയാണ് ഒരുക്കിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം നാമജപയാത്രയായി സംസ്കരിക്കുന്ന സ്ഥലത്തേക്കെത്തിച്ചു. പൂർണമായ ഹൈന്ദവാചാര പ്രകാരമുള്ള സമാധിയായിട്ടായിരുന്നു സംസ്കാരം നടന്നത്. ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വി എസ് ഡി പി, ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകർ കൂടി ചേർന്നാണ് രണ്ടാമത്തെ സംസ്കാരം വിപുലമാക്കിയത്.