മുൻ മന്ത്രിയായിരുന്ന ലീഡർ കെ.കരുണാകരന്റെ 14-ാം ചരമവാർഷികമാണിന്ന്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അനുസ്മരണ യോഗങ്ങളും ഇന്ന് നടക്കും. ഇന്ന് രാവിലെ കനകക്കുന്ന് വളപ്പിലെ ലീഡർ പ്രതിമയ്ക്ക് മുമ്പിൽ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ലീഡർ കെ.കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കണം കെ.കരുണാകരൻ എന്നാണ് രമേശ് ചെന്നിത്തല കുറിച്ചത്. ‘ഗുരുവായിരുന്നു. വഴികാട്ടിയായിരുന്നു. നിറഞ്ഞ സ്നേഹത്തിൻ്റെയും ഉറവ വറ്റാത്ത വാൽസല്യത്തിൻ്റെയും നിറകുടമായിരുന്നു. ലീഡർ ഒരു പാഠപുസ്തകമായിരുന്നു. തന്ത്രങ്ങളിൽ, കണിശതയിൽ, നിലപാടുകളിൽ കേരള രാഷ്ട്രീയത്തിൻ്റെ ഭാഗധേയങ്ങളെ നിയന്ത്രിച്ച ഒരാൾ. കേരള രാക്ഷ്ട്രീയത്തിൽ ഇത്രയേറെ മാധ്യമ ആക്രമണങ്ങൾ നേരിട്ട മറ്റൊരു നേതാവുണ്ടോ എന്ന് സംശയമുണ്ട്. എന്നിട്ടും ഒരിക്കലും കൈവിടാത്ത ചെറുചിരിയുമായി ഒരായിരം ചോദ്യങ്ങൾക്ക് അദ്ദേഹം തയ്യാറായിരുന്നു.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കണം ഒരുപക്ഷേ ലീഡർ. കാരണം അദ്ദേഹം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ വെച്ചല്ല പലപ്പോഴും അദ്ദേഹം അളക്കപ്പെട്ടത്. തന്ത്രജ്ഞതയ്ക്കും നയപരതയ്ക്കും അപ്പുറം വികസനത്തെക്കുറിച്ച് ഭാവിയെ കുറിച്ചും കൃത്യമായി കാഴ്ചപ്പാടുള്ള ഒരു നേതാവായിരുന്നു. കൊച്ചിൻ സിയാൽ വിമാനത്താവളം മാത്രം മതി അദ്ദേഹത്തിൻറെ ദീർഘദർശിത്വം തിരിച്ചറിയാൻ. ജനങ്ങളിൽ നിന്ന് പണം പിരിച്ച് ഒരു വിമാനത്താവളം ഉണ്ടാക്കുക എന്ന് കെട്ടുകേൾവിയില്ലാത്ത ഒരു പദ്ധതി നടപ്പിലാക്കാൻ ലോകത്ത് ഒരു നേതാവിനെ കഴിഞ്ഞിട്ടുള്ളൂ. അത് ലീഡർക്കു മാത്രം.
പിതൃ നിർവിശേഷമായ സ്നേഹത്തോടെ ചേർത്തു നിർത്തി കൈ പിടിച്ചു നടത്തിയ ആ വലിയ മനുഷ്യൻ എൻറെ ജീവിതത്തിലെ ഏറ്റവും വലിയ പ്രഭാഗോപുരങ്ങളിൽ ഒന്നാണ് എന്ന് സംശയമില്ലാതെ പറയാം. അതുപോലെ ഒരാളിന്റെ പ്രിയപ്പെട്ടവനാവുക എന്നതും ഒന്നിച്ച് നടക്കുക എന്നതും ജീവിതത്തിൻറെ സുകൃതമായിരുന്നു. ഹൃദയത്തിൽ എന്നുമുണ്ട്. എന്നെന്നും…’- രമേശ് ചെന്നിത്തല കുറിച്ചു.