ക്രിസ്തുമസിന്റെ വരവറിയിച്ച് പാപ്പയും സംഘവും എത്തിയതോടെ ഗ്ലോബൽ വില്ലേജിലും ഇനി ക്രിസ്തുമസ് കാലം. 21 മീറ്റർ ഉയരത്തിൽ ഉള്ള ക്രിസ്തുമസ് ട്രീയിൽ വിളക്കുകൾ തെളിയിച്ച് ഈ വർഷത്തെ ആഘോഷങ്ങൾക്കു തുടക്കമായി. പാട്ടും നൃത്തവുമായി ജനുവരി 5 വരെ സാന്റയും സംഘവും സന്ദർശകരെ സ്വീകരിക്കും. കുട്ടികൾക്ക് കൗതുകമായി കൾച്ചറൽ ഗേറ്റിന് അടുത്തുള്ള കൂറ്റൻ ക്രിസ്മസ് ട്രീയിൽ നക്ഷത്രങ്ങളും സമ്മാനപ്പൊതികളും കുഞ്ഞുലൈറ്റുകളും നിറഞ്ഞുനിൽക്കുകയാണ്.

മനോഹരമായ വർണ്ണങ്ങളാൽ തീർത്ത സെലിബ്രേഷൻ വാക്ക് കമാനങ്ങൾ എത്തിനിൽക്കുന്നത് അലങ്കരിച്ച ക്രിസ്തുമസ് ട്രീയോട് ചേർന്നാണ്. ഇനിയുള്ള ദിനരാത്രങ്ങൾ ഗ്ലോബൽ വില്ലേജിൽ ക്രിസ്തുമസ് മയമാണ്. എങ്ങും വർണ്ണവിളക്കുകൾ, സംഗീതം അങ്ങനെ ആഗോളഗ്രാമം ആഘോഷത്തിന്റെ ആവേശത്തിമിർപ്പിലാണ്.

ഗ്ലോബൽ വില്ലേജിൽ ജനുവരി5 വരെ എത്തുന്ന സന്ദർശകർക്ക് സാന്റായോടൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കാനും സാധിക്കും. സാന്റയും സംഘവും കുട്ടികളോടൊത്ത് പാട്ടും നൃത്തച്ചുവടുകളുമായി ആഘോഷത്തിന്റെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കും. വാരാന്ത്യങ്ങളിൽ രാത്രി ഒന്‍പത് മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 12 മണി വരെയും വെള്ളി ശനി ഞായർ ദിവസങ്ങളിൽ രാത്രി ഒരു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും.