മൂന്ന് മാസം മുമ്പ് മരണമടഞ്ഞ സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പെൺമക്കൾ നൽകിയ ഹർജി ഹൈകോടതി തള്ളി. മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകാമെന്ന് കോടതി വ്യക്തമാക്കി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്. സെപ്റ്റംബർ 21നാണ് എം.എം. ലോറൻസ് മരിച്ചത്. മക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മൃതദേഹം കൊച്ചി ഗവ.മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്നായിരുന്നു ലോറൻസിന്‍റെ ആഗ്രഹമെന്ന മകന്‍റെ വാദം ഹൈകോടതി സിംഗിൾബെഞ്ച് നേരത്തെ അംഗീകരിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്താണ് പെൺമക്കളായ ആശയും സുജാതയും അപ്പീൽ ഹരജി നൽകിയത്. തുടർന്ന് ഡിവിഷൻബെഞ്ച് നിർദേശപ്രകാരം അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ച നടത്തിയെങ്കിലും ഇവർ ഒത്തുതീർപ്പിന് സന്നദ്ധമായില്ല. മകൻ എം.എൽ. സജീവന്റെ നിലപാടിന് വിരുദ്ധമായി മൃതദേഹം പള്ളിയിൽ സംസ്കരിക്കണമെന്ന ആഗ്രഹമാണ് സുജാതയും ആശയും ഡിവിഷൻ ബെഞ്ചിനെ അറിയിച്ചത്. ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് മധ്യസ്ഥ ചർച്ചക്ക് നിയോഗിച്ച മുതിർന്ന അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹരജി തള്ളി കോടതി തീർപ്പുകൽപിച്ചത്.
തർക്കം സിവിൽ കോടതി മുഖേനയോ മധ്യസ്ഥ ചർച്ചയിലൂടെയോ ആണ് പരിഹരിക്കേണ്ടതെന്ന് വിലയിരുത്തിയാണ് കോടതി മധ്യസ്ഥതക്ക് വിട്ടത്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് മരണത്തിനുമുമ്പ് ലോറൻസ് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ ആഗ്രഹം അറിയിച്ചിരുന്നുവെന്ന സജീവന്റെ വാദം കണക്കിലെടുത്താണ് കോടതി ഉത്തരവ്. സെപ്റ്റംബർ 21 നായിരുന്നു എംഎം ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്.
അതേസമയം, ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മകൾ ആശ ലോറൻസ് രംഗത്തെത്തി. നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ആശ ലോറൻസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകൾ സുജയോട് സെമിത്തേരിയിൽ അടക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ സാക്ഷികൾ പിതാവിനെ പരിചരിച്ചിരുന്നവരല്ല, ഇവർ കള്ളസാക്ഷികളാണ്. പൊതു സ്ഥലത്തും സ്വകാര്യ സംഭാഷണത്തിലും പുസ്തകത്തിലും മെഡിക്കൽ കോളേജിന് വിട്ടുനൽകണമെന്ന് പറഞ്ഞിട്ടില്ലെന്നും അമ്മയെയും സഹോദരനേയും അടക്കിയത് പള്ളിയിലാണെന്നും മൂത്തമകളോട് സെമിത്തേരിയിൽ അടക്കണമെന്ന് പറഞ്ഞിരുന്നതായും മകൾ പറഞ്ഞു.