ഇന്ത്യയുടെ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിൽനിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ബോർഡർ-ഗവാസ്കർ ട്രോഫി കളിക്കുന്ന ഇന്ത്യൻ സ്ക്വാഡിലുള്ള താരം, മൂന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിനു പിന്നാലെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ എന്‍റെ അവസാന ദിനമാണെന്ന് മത്സരശേഷം നടന്ന വാർത്തസമ്മേളനത്തിൽ താരം പറഞ്ഞു. രോഹിത് ശർമക്കൊപ്പമാണ് താരം മാധ്യമങ്ങളെ കണ്ടത്. താരമെന്ന നിലയിൽ ഇനിയും ഏറെ നൽകാനുണ്ടെന്നും ഐ.പി.എൽ ഉൾപ്പെടെയുള്ള ക്ലബ് ക്രിക്കറ്റിൽ തുടരുമെന്നും വ്യക്തമാക്കി.
2011 നവംബർ ആറിന് ഡൽഹിയിൽ വെസ്റ്റിൻഡീസിനെതിരായാണ് താരം ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. കുംബ്ലെയാണ് ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം, 619 വിക്കറ്റുകൾ. 41 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കളിച്ച താരം, 195 വിക്കറ്റുകൾ നേടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ്. ഇന്ത്യക്കായി 65 ട്വന്‍റി20 മത്സരങ്ങളിൽനിന്നായി 72 വിക്കറ്റുകൾ നേടി. മികച്ച ഒരു ഓൾ റൗണ്ടർ കൂടിയാണ് താരം. ടെസ്റ്റിൽ ആറു സെഞ്ച്വറിയും 14 അർധ സെഞ്ച്വറികളും ഉൾപ്പെടെ 3,503 റൺസ് നേടിയിട്ടുണ്ട്.
2010 ജൂൺ 12ന് ഇന്ത്യക്കായി ആദ്യ ട്വന്‍റി20 മത്സരം കളിച്ചു. 106 ടെസ്റ്റുകളിൽ 37 തവണ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ടെസ്റ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ റെക്കോഡാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മുൻ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ മാത്രമാണ് (67) ഈ കണക്കിൽ താരത്തിനു മുന്നിലുള്ളത്.
വിരമിക്കല്‍ പ്രഖ്യാപനത്തില്‍ അശ്വിന്‍ സംസാരിച്ചതിങ്ങനെ… ”ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇത് എന്റെ അവസാന വര്‍ഷമായിരിക്കും. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ എന്നില്‍ കുറച്ച് കൂടി കളിക്കാന്‍ എനിക്ക് ശേഷിയുണ്ട്. പക്ഷേ, അത് ക്ലബ് തലത്തില്‍ തുടരും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും എന്റെ നിരവധി ടീമംഗങ്ങള്‍ക്കുമൊപ്പം ഞാന്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവരില്‍ ചിലര്‍ വിരമിച്ചുകഴിഞ്ഞു. നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്, പക്ഷേ ബിസിസിഐയോടും സഹതാരങ്ങളോടും ഞാന്‍ നന്ദി പറയുന്നു. അവയില്‍ ചിലത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. യാത്രയുടെ ഭാഗമായിട്ടുള്ള എല്ലാ പരിശീലകര്‍, രോഹിത്, വിരാട്, അജിന്‍ക്യ രഹാനനെ, ചേതേശ്വര്‍ പൂജാര.. എന്നിവരെല്ലാം എന്റെ യാത്രയുടെ ഭാഗമായവരാണ്. അവരാണ് എനിക്ക് കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ സഹായിച്ചത്. വളരെ കടുത്ത മത്സരാര്‍ത്ഥികളായിരുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനും ഒരു വലിയ നന്ദി. പക്ഷേ ഇത് വളരെ വൈകാരികമായ ഒരു നിമിഷമാണ്. ഞാന്‍ ചോദ്യങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഉത്തരം നല്‍കുന്ന ഒരു അവസ്ഥയിലാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ ദയവായി എന്നോട് ക്ഷമിക്കൂ. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി, അതെ, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ നിങ്ങളെ എല്ലാവരെയും ഉടന്‍ കാണും.” അശ്വിന്‍ പറഞ്ഞു.
ആസ്ട്രേലിയക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ താരം കളിച്ചിരുന്നില്ല. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ മാത്രമാണ് താരം കളിച്ചത്.
ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമാണ് അശ്വിൻ. 106 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 537 വിക്കറ്റുകളും 116 ഏകദിനങ്ങളിൽനിന്ന് 156 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരമാണ്. അനിൽ കുംബ്ലെക്കുശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാണ് ആർ. അശ്വിൻ.
അഞ്ചാംദിനം മത്സരം മഴമൂലം തടസ്സപ്പെട്ട അവസരത്തില്‍ അശ്വിനും കോഹ്ലിയും ഒരുമിച്ച് സംസാരിക്കുന്നതും കോഹ്ലി അശ്വിനെ കെട്ടിപ്പിടിക്കുന്നതും കാണാമായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നത് അശ്വിന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട് സൂചന നൽകിയിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമിലും 2011, 2013 വര്‍ഷങ്ങളിലെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലും അശ്വിനുണ്ടായിരുന്നു. 2015ല്‍ ഇന്ത്യ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു. 2016ല്‍ ഐ.സി.സിയുടെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍, പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ അവാര്‍ഡുകളും അശ്വിനെ തേടിയെത്തി. 2011 മുതല്‍ 2020 വരെയുള്ള ദശാബ്ദത്തിലെ ഐ.സി.സി തെരഞ്ഞെടുത്ത ടെസ്റ്റ് ടീമിലും അശ്വിനുണ്ടായിരുന്നു. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമാണ്. രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്ത താരത്തെ ഇത്തവണ മെഗാ ലേലത്തിൽ 9.75 കോടി രൂപക്കാണ് ചെന്നൈ ടീമിൽ എടുത്തത്.