ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ദുബായ് നഗരവും ഒരുങ്ങിക്കഴിഞ്ഞു. ദുബായിലെ പ്രധാന സാംസ്‌കാരിക വിപണന കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിലും പ്രത്യേക പരിപാടികളാണ് ക്രിസ്തുമസിനോടനുബന്ധിച്ച് ഒരുങ്ങുന്നത്. ദീപങ്ങളിൽ കുളിച്ചുനിൽക്കുന്ന 21 മീറ്റർ ഉയരമുള്ള ക്രിസ്തുമസ് ട്രീയും ക്രിസ്തുമസ് പാപ്പയും ഉൾപ്പെടെ സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി കൗതുക കാഴ്ചകളാണ്. ജനുവരി 5 വരെ ഗ്ലോബൽ വില്ലേജിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നീളും.
ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ പുലർച്ചെ 12 വരെയാണ് ഗ്ലോബൽ വില്ലേജ് സന്ദർശന സമയം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒരു മണിവരെ സന്ദർശനം അനുവദിക്കും. ഇത്തവണ പുതുമയാർന്ന ആഘോഷ പരിപാടികളാണ് ആഗോള ഗ്രാമത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഈ വർഷം പുതിയ മൂന്ന് പവലിയൻ ഉൾപ്പടെ വിവിധ രാജ്യങ്ങളുടെ 30 പവലിയനുകളിലായി 90ലധികം ലോക സംസ്കാരങ്ങളെയാണ് ഈ ആഗോളഗ്രാമം പ്രദർശിപ്പിക്കുക. 3500 ഷോപ്പിങ് ഔട്ട്ലെറ്റുകൾ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. 250ലധികം വൈവിധ്യമാർന്ന രുചികളും സന്ദർശകരെ കാത്തിരിക്കുന്നു. റൈഡുകളുടെയും ഗെയിമുകളുടെയും എണ്ണം 200ലധികമായി വർധിപ്പിച്ചിട്ടുണ്ട്.