കോഴിക്കോട്: 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാർ 10 മാസത്തിന് ശേഷം പൊലീസ് കണ്ടെത്തി. KL 18 R 1846 എന്ന കാറാണ് കുട്ടിയെ ഇടിച്ചിട്ട് നിർത്താതെ പോയത്. അപകടത്തിൽ പരിക്കേറ്റ് കോമയിലായ ദൃഷാന ചികിത്സയിലാണ്. ഉടമയായ ഷജീലാണ് കാർ ഓടിച്ചത്. ഇയാൾ നാദാപുരം പുറമേരി സ്വദേശിയാണ്. പിടിയിലാകാതിരിക്കാൻ അപകടത്തിനു ശേഷം വാഹനത്തിൽ രൂപമാറ്റം വരുത്തിയിരുന്നു. അപകടത്തിനുശേഷം ഷജീൽ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ചു കാർ തകർന്നെന്നു പറഞ്ഞായിരുന്നു ഇൻഷുറൻസ് നേടിയത്. വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടി നാട്ടിലെത്തിക്കുമെന്ന് വടകര റൂറൽ എസ്പി പറഞ്ഞു. മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നത്.
ഷജീലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയത്. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. ദൃഷാന കോഴിക്കോട് മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്. ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ചായിരുന്നു അപകടം. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു. 10 മാസമായി കോമ അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ് കുട്ടി. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികൾ എടുക്കുകയും വർക്‌ഷോപ്പുകളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു.
സംഭവ സമയയത്ത് കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുത്തശ്ശി മരിച്ചിരുന്നു. വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന കാര്‍ ആണ് ഇടിച്ചത്. ബേബി സംഭവസ്ഥലത്ത് തന്നെ മരിച്ചു.