വയനാട്ടിൽ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക ഗാന്ധിയുടെ വിജയക്കുതിപ്പ് 3 ലക്ഷവും കടന്ന് കുതിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ 316627 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ ലീഡ് അരലക്ഷം കടന്നിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.
പാലക്കാട് റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടം വിജയത്തിലേക്ക് അടുക്കുകയാണ്. 18,000 ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയത്തിലേക്ക് അടുക്കുന്നത്. പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുകയായിരുന്നു. ഷാഫിയുടെ ഏറ്റവും കൂടിയ റെക്കോഡ് ഭൂരിപക്ഷം രാഹുൽ മറികടന്നു. പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബി ജെ പി വോട്ടുകൾ ചോർന്നത്. ഇതിനൊപ്പം തന്നെ കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി. സരിൻ നേടിയതിന്‍റെ ഇരട്ടി വോട്ടുകൾ നേടിയാണ് രാഹുലിന്‍റെ തേരോട്ടം.
ചേലക്കരയിൽ ചേലോടെ തിളങ്ങി. ചേലക്കരയിൽ എൽ ഡി എഫിന്റെ യു.ആര്‍. പ്രദീപ് വിജയിച്ചു. 2,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചു. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 52,137 വോട്ടാണ് ലഭിച്ചത്. ചേലക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ മുന്നേറ്റത്തെ ‘ചേലോടെ ചെങ്കൊടി ഉയർത്തി ചേലക്കര’ എന്ന വിശേഷിപ്പിച്ചിരിക്കുകയാണ് മന്ത്രി കെ രാജൻ. കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്. ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻറെ വിജയം.
ഹൃദയത്തോട് ചേർത്ത് നിർത്തിയ ചേലക്കരക്ക് നന്ദി എന്ന് യു ആർ പ്രദീപ് പറഞ്ഞു. എൽ ഡി എഫ് തുടർഭരണത്തിനുള്ള വിധിയെഴുത്താണ് ചേലക്കരയിലേതെന്ന് കെ രാധാകൃഷ്ണൻ എം പി പറഞ്ഞു. എൽഡിഎഫ് സർക്കാർ 3.0 യുടെ സൂചനയാണ് ചേലക്കരയിലെ വിജയം എന്നാണ് ഇടതുക്യാമ്പിന്റെ വിശ്വാസം.