ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പൊതുയോഗമല്ല ബിജെവൈഎം പ്രതിനിധികളുമായി നടത്തിയ സ്വകാര്യ യോഗത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊതുസമൂഹത്തെ അസ്വസ്ഥമാക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനുകൂലമായി വിധി പറഞ്ഞത്.
ശ്രീധരൻ പിള്ളയുടെ പരാമർശങ്ങൾ സുപ്രീം കോടതി വിധിയെ വിമർശിക്കുന്നതാണെങ്കിലും അവ കോടതിയലക്ഷ്യത്തിനു പകരം ന്യായമായ വിമർശനമാണ് ഉണ്ടാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ 2018ൽ ഭാരതീയ ജനതാ യുവമോർച്ച യോഗത്തിനിടെയാണ് പിഎസ് ശ്രീധരൻ പിള്ള കേസിനാസ്പദമായ പരാമർശം നടത്തിയത്. കോഴിക്കോട് കസബ പൊലീസാണ് കേസ് ഫയൽ ചെയ്തത്.
സ്ത്രീപ്രവേശനം ഒരു യുദ്ധമായി മാറരുതെന്നും സമാധാനപരമായ ചർച്ചയായി തുടരണമെന്നും അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾക്ക് കീഴിൽ വിവരിച്ചിരിക്കുന്നതുപോലെ, അടച്ചിച്ച സ്ഥലങ്ങളിൽ അത്തരം പരാമർശങ്ങൾ നടത്തുമ്പോൾ, പൊതുജനങ്ങളിൽ ഭയമോ അല്ലെങ്കിൽ ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരണയോ ഉണ്ടാകാൻ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു.
ഗോവ ഗവർണർ എന്ന നിലയിലുള്ള ശ്രീധരൻ പിള്ളയുടെ സ്ഥാനവും കോടതി ഉദ്ധരിച്ചു. പിന്നാലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം ക്രിമിനൽ നടപടികളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. രാഷ്ട്രപതിയെയും ഗവർണർമാരെയും അവരുടെ ഭരണകാലത്ത് നിയമനടപടികളിൽ നിന്ന് സംരക്ഷിക്കുന്നതാണ് ഈ വകുപ്പ്. ന്യായമാണെങ്കിൽ ജുഡീഷ്യൽ തീരുമാനങ്ങളെ വിമർശിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി വിധിയിൽ ആവർത്തിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുൻ സുപ്രീം കോടതി വിധി ആവർത്തിച്ചായിരുന്നു ഈ വിധി.