ഡല്‍ഹിയിലെ ഗതാഗത മന്ത്രിയും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‍രിവാളിനും മന്ത്രി അതിഷിക്കും അയച്ച രാജിക്കത്തില്‍, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളും സ്ഥാനമൊഴിയാനുള്ള കാരണങ്ങളായി ഗഹ്ലോട്ട് ചൂണ്ടിക്കാട്ടി.
ഗതാഗതം, ഭരണപരിഷ്കാരങ്ങൾ, ഐടി, ആഭ്യന്തരം, വനിതാ-ശിശു വികസനം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ കൈലാഷ് ഗഹ്ലോട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയുള്ള ഗഹ്ലോട്ടിന്റെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
യമുന നദി ശുചീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കത്തിലുണ്ട്. അതേസമയം അരവിന്ദ് കെജ്‌രിവാളിൻ്റെ പുതിയ ഔദ്യോഗിക ബംഗ്ലാവുമായി ബന്ധപ്പെട്ട വിവാദങ്ങളും കത്തിൽ പരാമർശിച്ചിട്ടുണ്ട്. പുതിയ ബംഗ്ലാവ് പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും ഇത് സാധാരണക്കാരൻ്റെ പാർട്ടിയായി അവർ ഇപ്പോഴും നമ്മെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിലേക്ക് ആളുകളെ നയിച്ചുവെന്നും കത്തിൽ പറയുന്നു. ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള നിരന്തര പോരാട്ടം നഗരത്തിൻ്റെ പുരോഗതിയെ തടസ്സപ്പെടുത്തിയെന്നും ഗഹ്‌ലോട്ട് പറഞ്ഞു. ഡൽഹി സർക്കാർ അതിൻ്റെ ഭൂരിഭാഗം സമയവും കേന്ദ്രവുമായി യുദ്ധം ചെയ്താൽ ഡൽഹിക്ക് യഥാർത്ഥ പുരോഗതി സാധ്യമല്ലെന്ന് വ്യക്തമാണെന്നും ഗഹ്ലോട്ട് കൂട്ടിച്ചേർത്തു.