ചരിത്രശേഷിപ്പുകൾ ഏറെയുള്ള ഷാർജയിലെ മലീഹ പ്രദേശത്തിന്റെ ചരിത്രം വിവരിക്കുന്ന പുതിയ പുസ്തകം പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ‘മെലീഹ – ആൻഷ്യന്റ് ട്രഷേഴ്‌സ് ഓഫ് ദ യു.എ.ഇ.’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. 200,000 വർഷത്തിലേറെ പഴക്കമുള്ള ഷാർജ മെലീഹയുടെ ചരിത്രം വിവരിക്കുന്നതാണ് പുതിയ പുസ്തകം. പുസ്തകത്തിന്റെ ആദ്യപ്രതിയിൽ ഷാർജ ഭരണാധികാരി ഒപ്പുവച്ചു. ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്) ചെയർപേഴ്‌സൺ ഷെയ്‌ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു.
ചരിത്രത്തിലേക്കുള്ള പ്രധാന പഠനഗ്രന്ഥമായിരിക്കുമിതെന്ന് ഷെയ്‌ഖ ബൊദൂർ അൽ ഖാസിമി പറഞ്ഞു. അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. പുരാവസ്തു പൈതൃകവും സാംസ്കാരിക ചരിത്രവും എല്ലാം വിവരിച്ചുകൊണ്ട് ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ഗവേഷകർ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടയാണ് മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുന്ന പുതിയ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.