ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. ഇതോടെ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി 2026ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യത്തിനായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. നേരത്തെ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ബിജെപിയുമായുള്ള അനുരഞ്ജനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.
ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്താൻ “സമാന ചിന്താഗതിയുള്ള പാർട്ടികളുമായി” സഹകരിക്കാൻ പാർട്ടി തയ്യാറാണെന്ന് അദ്ദേഹംപറഞ്ഞിരുന്നു. “ഇനിയും തിരഞ്ഞെടുപ്പിന് 18 മാസങ്ങൾ ബാക്കിയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമേ ആരുമായാണ് സഖ്യമുണ്ടാക്കുന്നതെന്ന് അറിയാൻ കഴിയൂ. എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ നേതൃത്വം അംഗീകരിക്കുന്ന പാർട്ടികളെ ഒരുമിച്ച് കൊണ്ടുപോകും. ജനവിരുദ്ധ ഡിഎംകെയെ ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം: അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ ഊഹാപോഹങ്ങളെ തള്ളി എഐഎഡിഎംകെയുടെ മുതിർന്ന നേതാവ് ഡി ജയകുമാർ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞു. ഇപിഎസിൻ്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് വിശദീകരിച്ച അദ്ദേഹം, ബിജെപിയിൽ നിന്ന് വേർപിരിയാനുള്ള എഐഎഡിഎംകെയുടെ തീരുമാനം ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി.