ജനവിധിയെഴുതി വയനാടും ചേലക്കരയും. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. ചേലക്കര മണ്ഡലത്തിൽ 6-ഉം വയനാട്ടിൽ 16-ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ് ഉള്ളത്. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്.
വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. രാവിലെ മുതൽ തന്നെ വിവിധയിടങ്ങളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്.
വയനാട് ജില്ലയിലെ മാനന്തവാടി (എസ്‌ടി), സുൽത്താൻ ബത്തേരി (എസ്‌ടി), കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി; കൂടാതെ മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുടനീളം തിരഞ്ഞെടുപ്പ് സമയത്ത് സുരക്ഷ നിലനിർത്താൻ ജില്ലാ ഭരണകൂടങ്ങൾ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെയും (സിആർപിഎഫ്) സായുധ പോലീസ് ബറ്റാലിയൻ്റെയും നിരവധി കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.
പോളിംഗിന് മുന്നോടിയായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ, 24 മണിക്കൂറും പോലീസ് പട്രോളിംഗ് എന്നിവയും ഒരുക്കങ്ങളിൽ ഉൾപ്പെടുന്നു.