ഷാർജ എമിറേറ്റിലെ പൊതു ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് 45 ലക്ഷം ദിർഹം അനുവദിച്ചത്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽനിന്നാണ് പുസ്തകങ്ങൾ വാങ്ങുക. കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങാനായി തുക അനുവദിച്ചിരുന്നു. ഈ വർഷത്തെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നാണ് പുസ്തകങ്ങൾ വാങ്ങുക.
പുസ്തകം വാങ്ങുക വഴി വായനക്കാർക്കും പ്രസാധകർക്കും മാത്രമല്ല പൊതു ലൈബ്രറികളെ വൈവിധ്യമാർന്ന സാഹിത്യ ഉള്ളടക്കമുള്ള പുസ്തകം ലഭ്യമാക്കി സമ്പന്നമാക്കുക എന്നതുകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വായനക്കർക്ക് വിവിധ തരത്തിലുള്ള പൊതുവിജ്ഞാന കേന്ദ്രമായി ഇതോടെ ലൈബ്രറികൾ മാറും. കൂടതെ പുസ്തകം വാങ്ങുന്നതിലൂടെ പ്രസാധകരെ സഹായിക്കാനും ഇത് വഴിതെളിക്കും. ഈവർഷം നടന്ന കുട്ടികളുടെ വായനോത്സവത്തിലും പുസ്തകങ്ങൾ വാങ്ങാൻ പൊതുലൈബ്രറിക്ക് 25 ലക്ഷം ദിർഹം അനുവദിച്ചിരുന്നു. കുട്ടികളെ അറിവും വിദ്യാഭ്യാസവും നൽകി പിന്തുണക്കുകയും പ്രസാധകരെ സാമ്പത്തികപരമായി പിന്തുണക്കുന്നതുമാണ് ഈ തീരുമാനം.
ഇത്തവണ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളിൽ നിന്നായി 2500 പ്രസാധകരാണ് വൈവിധ്യമാർന്ന തലക്കെട്ടുകളിലുള്ള പുസ്തകങ്ങളുമായി പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റിയാണ് നവംബർ 17 വരെ നടക്കുന്ന പുസ്തകമേളയുടെ സംഘാടകർ.