കൊല്ലം കളക്ട്രേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ മൂന്ന് പ്രതികള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു മൂന്ന് പ്രതികൾക്കും ജീവ പര്യന്തം ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്‍റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികളിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഷംസുദ്ദീൻ എന്ന നാലാം പ്രതിയെയാണ് കോടതി വെറുതേവിട്ടത്. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.
2016 ജൂൺ 15 ന് രാവിലെ 10.45 നായിരുന്നു കളക്ട്രേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് മുന്നില്‍ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം. തൊഴിൽ വകുപ്പിന്‍റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിലാണ് ബോംബ് വച്ചത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് സാബുവിന് പരുക്കേറ്റിരുന്നു. ഗുജറാത്തിൽ പൊലീസ് ഏറ്റുമുട്ടലിൽ ഇസ്രത്ത് ജഹാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ദക്ഷിണേന്ത്യയിൽ മൂന്നു സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് പ്രതികള്‍ സ്ഫോടനം നടത്തിയത്. ഇതില്‍ മൈസുരു കോടതി വളപ്പിലെ സ്ഫോടനക്കേസ് അന്വേഷണമാണ് കൊല്ലം കേസില്‍ തുമ്പുണ്ടാക്കിയത്.
കേസിൽ ഇതുവരെ പ്രോസിക്യൂഷൻ 63 സാക്ഷികളെ വിസ്തരിച്ചു. 109 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കി. ഗൂഢാലോചന, കൊലപാതകശ്രമം, പരുക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമേ സ്ഫോടകവസ്തു നിയമവും യുഎപിഎ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. പ്രോസിക്യൂഷനുവേണ്ടി ഗവൺമെൻ്റ് പ്ലീഡർ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകൻ കുറ്റിച്ചൽ ഷാനവാസുമായിരുന്നു ഹാജരായിരുന്നത്.
ഐ.പി.സി. 307, 324, 427, 120 ബി സ്‌ഫോടകവസ്തു നിയമം, പൊതുമുതല്‍ നശീകരണം തടയല്‍ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 16 ബി, 18, 20 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ജി.ഗോപകുമാര്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.