ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണ തോതിൽ വൻ വർധനവ്. സിപിസിബിയുടെ കണക്കുകൾ പ്രകാരം ഡൽഹിയിലെ ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയർന്നു. സിപിസിബി (സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ്) പറയുന്നതനുസരിച്ച്, ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ രാവിലെ ആറ് മണി വരെ വായു ഗുണനിലവാര സൂചിക (എക്യുഐ) നില വളരെ മോശമായിരുന്നു. അശോക് വിഹാര്‍, അയ നഗര്‍, ബവാന, ബുരാരി, ദ്വാരക, ആര്‍ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശമായി തുടരുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.
ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കല്‍, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായാതാണ് ഗുണ നിലവാരം ഗുരുതമാകാന്‍ കാരണമെന്നാണ് നിഗമനം. ഡൽഹിയിൽ പലയിടത്തും PM 2.5 ന്റെ അളവ് നിശ്ചിത പരിധി കവിഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറിന് ഡൽഹിയിലെ നെഹ്‌റു നഗർ, പട്‌പർഗഞ്ച്, അശോക് വിഹാർ, ഓഖ്‌ല എന്നിവിടങ്ങളിൽ എക്യുഐ നില 350-നും 400-നും ഇടയിലായിരുന്നു. റോഡുകളില്‍ നിന്ന് ഉയരുന്ന പൊടിയും പഞ്ചാബ് പോലുള്ള അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ തീയിടുന്നതു കൊണ്ടുള്ള പുകയുമാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. അതിന്റെ കൂടെ ദീപാവലി ആഘോഷവും ഡൽഹിയുടെ വായു മലിനീകരണം വർധിക്കാൻ കാരണമായിട്ടുണ്ട്.