ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വന്നതോടെയാണിത്. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ നാളെ രാവിലെ ബന്ധുക്കൾക്ക് വിട്ടു നല്‍കും. ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ച് സംശയം ഉണ്ടായിരുന്നില്ല. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍, കുട്ടിയ്ക്കായി വാങ്ങിയ കളിപ്പാട്ടവും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ അഴുകിയതായതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.
അര്‍ജുന്റെ രണ്ടു മൊബൈല്‍ ഫോണുകളും ലോറിയിൽ നിന്നും കണ്ടെടുത്തു. ഒരു ഫോണ്‍ കാബിനിലും ഒരെണ്ണം ബാഗിലുമായിരുന്നു. കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍ തുടങ്ങിയവയും ചളിയില്‍ പുരണ്ട നിലയില്‍ അര്‍ജുന്റെ വസ്ത്രങ്ങളും കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളും സീറ്റിന്റെ കാബിന് പിന്നില്‍ നിന്നും കണ്ടെടുത്തു.
മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക. അതേസമയം അർജുന് അന്ത്യയാത്ര നൽകാനുള്ള ഒരുക്കത്തിലാണ് നാട്. വീട്ടു വളപ്പിൽ തന്നെയാണ് അർജുന് വേണ്ടി ചിതയൊരുങ്ങുന്നത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലിന് ശേഷവും ഷിരൂരിൽ കനത്ത മഴയായതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. ആദ്യ ഘട്ടത്തിൽ നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും വെളളമുയർന്നതിനാൽ ഫലപ്രദമായില്ല. പിന്നീട് കരയിലെ മണ്ണിനടിയിലാണ് ലോറിയെന്ന രീതിയിൽ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കരയിലെ മണ്ണിടിഞ്ഞ് വീണിടത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തെരച്ചിൽ നിർത്തി വെച്ചു. പിന്നീട് ഗോവയിൽ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അർജുൻ മിഷൻ പുനരാരംഭിച്ചു. 72 ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അർജുന്റെ ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ക്യാബിനിൽ അഴുകിയ നിലയിൽ മൃതദേഹഭാഗവുമുണ്ടായിരുന്നു.