നടൻ സിദ്ദിഖിനെതിരെ അതീവ ഗൗരവകരമായ മൊഴി നൽകി യുവനടി. ക്രൂര ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയതായാണ് വിവരം. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവം നടന്ന ദിവസത്തെ രേഖകൾ ഹാജരാക്കാൻ മസ്കറ്റ് ഹോട്ടലിന് നിർദേശവും നൽകിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി.
നടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും പൂർണമായും കേസ് സംഘം ഏറ്റെടുക്കുമെന്നുമാണ് വിവരം. വനിതാ ഉദ്യോഗസ്ഥരാകും കേസിൽ മേൽനോട്ടം വഹിക്കുക.
കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു.
അതേസമയം നടിയുടെ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്‍ സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്‍റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
നിലവിൽ 16 പരാതികളാണ് പ്രത്യേക സംഘത്തിന് ലഭിച്ചത്. പരാതികള്‍ പരിശോധിക്കാനും കേസെടുക്കണമെങ്കിൽ ശുപാർശ ചെയ്യാനുമാണ് 7 അംഗം സംഘത്തെ നിയോഗിച്ച് ഡിജിപി ഉത്തരവിറക്കിയത്. നേരിട്ട് കേസ് എടുക്കുന്നതിനെക്കുറിച്ച് ഉത്തരവിൽ പറഞ്ഞിട്ടില്ല.സീൽഡ് കവറിൽ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഉത്തരവ് കൈമാറിയത്. ലൈംഗിക പീഢനം നടന്ന സ്ഥലം എവിടെയാണോ ആ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ കേസ് എടുക്കാനാണ് തീരുമാനം. പ്രത്യേക സംഘത്തിലെ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ഇത്തരം കേസുകൾ കൈമാറി ഡിജിപി പ്രത്യേകം ഉത്തരവിറക്കും. അന്വേഷണത്തിന് അതാത് ജില്ലയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘമുണ്ടാക്കും. ക്രിമിനൽ നടപടി ചട്ടം 36, 157 പ്രകാരം സംസ്ഥാന പൊലീസ് മേധാവിക്ക് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കാൻ അധികാരമുണ്ടെന്ന് ആഭ്യന്തരവകുപ്പ് ചൂണ്ടികാട്ടുന്നു. വിജിലൻസ് ഉള്‍പ്പടെ മറ്റ് വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കുമ്പോഴാണ് സർക്കാർ ഉത്തരവിൻ്റെ ആവശ്യമെന്നും ചൂണ്ടാകാണിക്കുന്നു.