ആകാശ് തില്ലങ്കരിയുടെ ജീപ്പ് യാത്രയിൽ നടപടിയുമായി ഹൈക്കോടതി. നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെയായിരുന്നു ആകാശിന്റെ യാത്ര. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു. സംഭവത്തിൽ ആർസി സ്പെന്റ് ചെയ്യുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മലപ്പുറം ആർ ടി ഒക്ക് ആർസി സസ്പെൻ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ശുപാർശ നൽകും. നിയമലംഘനത്തിൽ നേരത്തെ മൂന്നു തവണ കേസെടുത്തിരുന്നു. മറ്റു നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എംവിഡി അറിയിച്ചു. ഇതിൻ്റെ അന്വേഷണ ചുമതല എൻഫോഴ്സ്മെൻ്റ് ആർടിഒയ്ക്ക് നൽകി.
രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടർ വാഹന വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നേരത്തെയും നിരവധി തവണ നിയമ ലംഘനം നടത്തിയ കെഎൽ പത്ത് ബി 3724 രജിസ്ട്രേഷനുളള വാഹനമാണ് ഇത്. 2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് പൊക്കിയത്. 25000 രൂപയാണ് ഒടുവിൽ പിടികൂടിയപ്പോൾ പിഴയിട്ടത്.