സൗദി അറേബ്യയിലെ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനിടെ വിശ്വാസികൾ കടുത്ത ചൂട് നേരിട്ടതിനെ തുടർന്ന് 1,300 ലധികം ആളുകൾ മരിച്ചതായി സൗദി അധികൃതർ ഞായറാഴ്ച അറിയിച്ചു. 1,301 മരണങ്ങളിൽ 83 ശതമാനവും, വിശുദ്ധ നഗരമായ മക്കയിലും പരിസരത്തും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നതിനായി ഉയർന്ന താപനിലയിൽ ദീർഘദൂരം നടന്ന അനധികൃത തീർഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജെൽ പറഞ്ഞു.
95 തീർഥാടകർ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇവരിൽ ചിലരെ വിമാനമാർഗം തലസ്ഥാനമായ റിയാദിൽ ചികിത്സയ്‌ക്കായി കൊണ്ടുപോയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മരിച്ചവരിൽ 660-ലധികം ഈജിപ്തുകാരും ഉൾപ്പെടുന്നു. കെയ്‌റോയിലെ രണ്ട് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇവരിൽ 31 പേർ ഒഴികെ എല്ലാവരും അനധികൃത തീർഥാടകരായിരുന്നു.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനിടെ കുറഞ്ഞത് 90 ഇന്ത്യൻ പൗരന്മാരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്. കടുത്ത ചൂടാണ് തീർത്ഥാടകർക്ക് വെല്ലുവിളിയായതെന്നും അധികൃതർ പറയുന്നു.