മഹാരാഷ്ട്രയിലെ ഡോംബിവ്ലിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 11പേര്‍ മരിച്ചു. 64 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 2പേർ സ്ത്രീകളാണ്. നിരവധിപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു ഫാക്ടറിയിലെ വ്യവസായ യൂണിറ്റിലാണ് സ്‌ഫോടനം നടന്നത്.
തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു കാര്‍ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്നത് കിലോമീറ്ററുകൾ അകലെ നിന്ന് കാണാമായിരുന്നു. പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ഡോംബിവ്‌ലി എംഐഡിസി സമുച്ചയത്തിന്‍റെ രണ്ടാംഫെയ്സിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചത് വൻ തീപിടിത്തത്തിന് കാരണമായി.