വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. നഗരത്തിലെ ആയുധധാരികളായ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ആയിരത്തിലേറെ സൈന്യത്തെ രംഗത്തിറക്കിയാണ് വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെയുള്ള ഇസ്രായേൽ ആക്രമണം.
കമാൽ അദ്‍വാൻ ആശുപത്രിയിൽ മൂന്നു ദിവസമായി ഉപരോധം തുടരുന്ന ഇസ്രായേൽ സൈന്യം ഇവിടെയുള്ള രോഗികളെ മാറ്റുന്നതുൾപ്പെടെ തടയുകയാണ്. പിന്നിട്ട 24 മണിക്കൂറിനിടെ 85 കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 35,647 ആയി.
അതിനിടെ യുദ്ധക്കുറ്റ കോടതി നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഏഴ് മാസത്തെ യുദ്ധത്തിൽ സ്വീകരിച്ച നടപടികളുടെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രയേലിൻ്റെയും ഹമാസിൻ്റെയും നേതാക്കൾക്കെതിരെ ലോകത്തിലെ മുൻനിര യുദ്ധക്കുറ്റ കോടതി ചീഫ് പ്രോസിക്യൂട്ടർ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ടു.
യുദ്ധം രൂക്ഷമായപ്പോൾ, ഇസ്രായേലി സേനയും തങ്ങളുടെ ഗാസ ആക്രമണം വിപുലപ്പെടുത്തി. ഒരു ആശുപത്രിയെ ആക്രമിക്കുകയും ടാങ്ക്, എയർ ബോംബാക്രമണങ്ങൾ എന്നിവ ഉപയോഗിച്ച് താമസസ്ഥലങ്ങൾ നശിപ്പിക്കുകയും ചെയ്തു. അതിനിടെ, യുഎൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ യുദ്ധം ഗാസയിൽ മാനുഷിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഏകദേശം 80 ശതമാനം ജനങ്ങളെയും മാറ്റിപ്പാർപ്പിക്കുകയും ലക്ഷക്കണക്കിന് ആളുകളെ പട്ടിണിയുടെ വക്കിലെത്തിക്കുകയും ചെയ്തു.