15 -മത് ഷാർജ കുട്ടികളുടെ വായനോത്സവം നാളെ സമാപിക്കും. വായനക്കൊപ്പം കലാ ശാസ്ത്ര മേഖലകളിലെല്ലാം അറിവ് പകർന്ന് ഈ മാസം ഒന്ന് മുതൽ ഷാർജ എക്സ്പോ സെന്ററിൽ കുരുന്നുകളെ വിജ്ഞാനത്തിന്റെ ലോകത്തേക്ക് നയിക്കുന്ന വായനോത്സവത്തിനാണ് നാളെ സമാപനം കുറിക്കുന്നത്. ഷാർജ ആനിമേഷൻ കോൺഫറൻസിന്റെ രണ്ടാം പതിപ്പും കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമായി നടന്നു. പ്രശസ്ത ആനിമേറ്റർമാർ, കലാകാരന്മാർ, എഴുത്തുകാർ, ചിന്തകർ എന്നിവരെ എല്ലാം ഒരുമിച്ച് കൊണ്ടുവന്ന പരിപാടിയാനു നടന്നത്.
ശിൽപശാലകൾ, ചർച്ചകൾ എന്നിവയടക്കം 132 പരിപാടികൾ വായനോത്സവത്തിൽ നടക്കും. 25-ലേറെ ശില്പശാലകളാണ് ഇവിടെ നടന്നത്. അനിമേഷൻ, കാരക്ടർ ക്രിയേഷൻ, കോമിക്സ് പോപ് ആർട് എന്നിവയിൽ പങ്കുചേരാൻ കുട്ടികൾക്കും അവസരം ലഭിച്ചു.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയോടെ ഫാമിലി അഫയേഴ്സ് സുപ്രീം കൗൺസിൽ ചെയർപേഴ്സൻ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വായന കൂടാതെ നാടകങ്ങൾ, പാചക പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ, സോഷ്യൽ മീഡിയ, സംഗീതം, കൂടാതെ നിരവധി ആവേശകരമായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ആനിമേഷൻ ഇവന്റുകൾ എന്നിവയെല്ലാം കുട്ടികളുടെ വായനോത്സവത്തിൽ അരങ്ങേറുന്നുണ്ട്. 20 രാജ്യങ്ങളിൽ നിന്ന് 186 പ്രസാധകരുടെ പങ്കാളിത്തത്തോടൊപ്പം 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 265 അതിഥികൾ നയിക്കുന്ന 1,500-ലധികം സാംസ്‌കാരിക, സർഗ്ഗാത്മക, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ വായനോത്സവം ഈ മാസം 12ന് അവസാനിക്കും.