ഷാര്‍ജ കുട്ടികളുടെ വായനോല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന ഷാര്‍ജ ആനിമേഷന്‍ കോണ്‍ഫറന്‍സ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഷാര്‍ജ കുട്ടികളുടെ വായനോല്‍സവത്തിന്റെ പതിനഞ്ചാം പതിപ്പിന്റെ ഭാഗമായാണ് ആനിമേഷന്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി, ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ഷെയ്‌ഖ ബുദൂര്‍ അല്‍ ഖാസിമി തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും ആനിമേഷന്‍, ക്രിയേറ്റീവ് മേഖലയുടെ ശേഷിയും കഴിവും വര്‍ധിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള വേദിയാണിത്. ഇത് തവണയാണ് അനിമേഷൻ കോണ്‍ഫറന്‍സ് നടക്കുന്നത്
ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് സാലം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഖാസിമി, യുഎഇ നാഷണല്‍ മീഡിയ ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ബുത്വി അല്‍ ഹമദ്, സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും മേധാവികള്‍, തുടങ്ങിയവരും പങ്കെടുത്തു.
28 സെമിനാറുകള്‍, 19 ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംഗീതപരിപാടികൾ എന്നിവയുള്‍പ്പെടെ 60 പരിപാടികള്‍ ആണ് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കുക. 11 രാജ്യങ്ങളില്‍ നിന്നുള്ള 70 പ്രഭാഷകരും ആനിമേഷന്‍ വിദഗ്ധരും വിവിധ പരിപാടികൾക്ക് നേതൃത്വം നല്‍കും. ഉദ്ഘാടന ചടങ്ങില്‍ എസ്‌സിആര്‍എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖൗല അല്‍ മുജൈനി, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ പിയെട്രോ പിനേറ്റി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത ഫ്‌ളോറന്‍സ് പോപ് ഓര്‍ക്കസ്ട്രയുടെ സംഗീത പരിപാടിയുമുണ്ടായിരുന്നു. ‘ലയണ്‍ കിംഗി’ന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആനിമേഷന്‍ കോണ്‍ഫറന്‍സ് പ്രത്യേക ആഘോഷം സംഘടിപ്പിക്കും. പ്രശസ്ത ആനിമേറ്റര്‍ ആന്‍ഡ്രിയാസ് ദേജയുടെ ഷോര്‍ട്ട് ഫിലിം ‘മുഷ്‌ക’യുടെ പ്രത്യേക ലോക പ്രദര്‍ശനവുമുണ്ടാകും.