കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ നിന്നും ജനവിധി തേടും. ഏറെ ചർച്ചകൾക്കൊടുവിൽ ആണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ പ്രഖ്യാപനം. വയനാടിന് പുറമെയാണ് രാഹുൽ റായ്ബറേലിയും ജനവിധി തേടുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന് ആണ്. വലിയ റാലിയോടെയാകും രാഹുലിന്റെ പത്രികാ സമർപ്പണം. പ്രിയങ്കാ ഗാന്ധിയും അനുഗമിക്കും.
2004 മുതൽ സോണിയ ഗാന്ധി വിജയിച്ചു വരുന്ന മണ്ഡലം കൂടിയാണ് റായ്ബറേലി. പാർട്ടി ശക്തികേന്ദ്രമായ റായ്ബറേലിയിൽ രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അമേത്തിയിൽ നിന്ന് മത്സരിക്കാൻ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടപകൾ ഉണ്ടായിരുന്നു. 2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്നതിന് മുമ്പ് രാഹുൽ ഗാന്ധി 15 വർഷം പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിൽ കോൺഗ്രസ് സംസ്ഥാന നേതാവ് കെഎൽ ശർമയെയാണ് മത്സരിപ്പിക്കുന്നത്.
അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ യഥാക്രമം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും മത്സരിപ്പിക്കാൻ കോൺഗ്രസിൻ്റെ ഉത്തർപ്രദേശ് ഘടകത്തിൽ നിന്നും മുറവിളി ഉയർന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി വ്യാഴാഴ്ച അമേഠിയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പോസ്റ്ററുകൾ റായ്ബറേലിയിൽ പതിച്ചിരുന്നു.