ബി.ജെ.പിയുടെ അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ ‘രാമായൺ’ ടെലിവിഷൻ സീരിയലിൽ ശ്രീരാമന്റെ വേഷമിട്ട അരുൺ ഗോവിൽ ബി.ജെ.പി സ്ഥാനാർത്ഥി. ഉത്തർ പ്രദേശിലെ മീററ്റ് മണ്ഡലത്തിലാണ് ജനവിധി തേടുക. 66കാരനായ അരുൺ ഗോവിലിന്റ സ്വദേശം കൂടിയാണ് മണ്ഡലം. ‘മീററ്റിലെ എം.പി സ്ഥാനാർഥിയാക്കി വലിയ ഉത്തരവാദിത്തം എന്നെ ഏൽപിച്ച നരേന്ദ്ര മോദിജിക്കും സെലക്ഷൻ കമ്മിറ്റിക്കും ഹൃദയം നിറഞ്ഞ നന്ദി. ബി.ജെ.പിയുടെ വിശ്വാസവും ജനങ്ങളുടെ പ്രതീക്ഷയും പൂർണമായി നിലനിർത്താൻ ഞാൻ എല്ലാ ശ്രമങ്ങളും നടത്തും. ജയ് ശ്രീറാം’ -എന്നിങ്ങനെയായിരുന്നു സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം എക്സിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.
മൂന്നു തവണ മണ്ഡലത്തിൽ എം.പിയായിരുന്ന രാജേന്ദ്ര അഗർവാളിനെ മാറ്റിയാണ് ഗോവിലിന് അവസരം നൽകിയത്. 2021ൽ ബി.ജെ.പി അംഗത്വമെടുത്ത ഗോവിൽ ജനുവരിയിൽ അയോധ്യയിൽ നടന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളായിരുന്നു.
1977ൽ പുറത്തിറങ്ങിയ ‘പഹേലി’ എന്ന സിനിമയിലൂടെയായിരുന്നു ഗോവിലിന്റെ അഭിനയ രംഗത്തെ അരങ്ങേറ്റം. എന്നാൽ, 1980കളിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ‘രാമായൺ’ എന്ന പരമ്പരയിലെ ശ്രീരാമന്റെ വേഷം ഗോവിലിനെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി. ശേഷം നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.