പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ നടത്തിയ അസഭ്യ പ്രയോഗത്തിൽ പോലീസ് കേസെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. 294(ബി ) വകുപ്പ് പ്രകാരം തൂത്തുക്കൂടി പൊലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി .
തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാർത്ഥി കനിമൊഴിയുടെ പ്രചാരണയോഗത്തിലായിരുന്നു ഡിഎംകെ നേതാവും മന്ത്രിയുമായ അനിതാ രാധാകൃഷ്ണന്റെ അസഭ്യ പരാമർശം. മന്ത്രിയെ പുറത്താക്കണമെന്നും ഇല്ലെങ്കിൽ പരാമർശം സ്റ്റാലിന്‍റെ അനുവാദത്തോടെയെന്ന് കരുതേണ്ടിവരുമെന്നും ബിജെപി പ്രതികരിച്ചു. മോദിയുടെ അമ്മയെ അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. മന്ത്രിക്കും വേദിയിൽ ഉണ്ടായിരുന്ന കനിമൊഴിക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു.
“വാസ്തവത്തിൽ, ഡിഎംകെയുടെ ഡിഎൻഎയിൽ തന്നെയുള്ള നീചവും അശ്ലീലവുമായ രാഷ്ട്രീയ സംസ്‌കാരമാണിത്!. ഇതിലും മോശം കാര്യമെന്താണ്? ഈ അശ്ലീല സംസാരത്തെ അപലപിക്കാതെ, തന്റെ കപട ഫെമിനിസത്തെ തുറന്നുകാട്ടുന്ന വിധത്തിൽ സ്റ്റേജിലെ പ്രസംഗം ആസ്വദിക്കുകയായിരുന്നു കനിമൊഴി. ! ഡിഎംകെയെയും ഇൻഡി സഖ്യത്തെയും ഉചിതമായ ഒരു പാഠം പഠിപ്പിക്കുക! നിയമവും അതിന്റെ കടമ നിർവഹിക്കും! ഇത്തവണ “ഉദയസൂര്യൻ” ചക്രവാളത്തിലേക്ക് ഇറങ്ങും!” ബിജെപിയുടെ തമിഴ്‌നാട് ഘടകം എക്‌സിൽ പോസ്റ്റ് ചെയ്തു.