കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധിയുടെ ശക്തി പരാമർശത്തിന് തിരിച്ചടി നൽകിയാണ് പ്രധാനമന്ത്രി എത്തിയത്. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല. ഒരു ശക്തിക്കെതിരെയാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ശക്തിയുടെ അനുഗ്രഹം ആർക്കാണ് ലഭിക്കുന്നത് ജൂൺ നാലിന് അറിയാമെന്ന് പ്രധാന്ത്രി പറഞ്ഞു. തെലങ്കാനയിലെ ജഗത്യാലിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ഓരോ അമ്മയും ശക്തിയുടെ രൂപമാണെന്നും ഓരോ മകളും ശക്തിയുടെ രൂപമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. താൻ അവരെ ശക്തിയുടെ രൂപത്തിൽ ആരാധിക്കുന്നുവെന്നും ഈ ശക്തിയെപ്പോലെയുള്ള അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കാൻ തൻ്റെ ജീവൻ പണയപ്പെടുത്തുമെന്നും മോദി പറഞ്ഞു. അധികാരം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങൾ അവസരം നൽകുമോ? എന്നും പ്രധാനമന്ത്രി ചോദിച്ചു. സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെയും അദ്ദേഹം കടന്നാക്രമിച്ചു. രാജ്യത്ത് എന്ത് വലിയ അഴിമതികൾ നടന്നാലും അതിന് പിന്നിൽ കുടുംബാധിഷ്ഠിത പാർട്ടിയെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേളയിൽ മുംബൈയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവെ, എല്ലാവരും ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയാണ് പോരാടുന്നതെന്ന് ആളുകൾ കരുതുന്നുവെന്നും അങ്ങനെയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു വ്യക്തിയോടോ ബിജെപിയോടോ മോദിയോടോ അല്ല പോരാടുന്നത്. ഹിന്ദു മതത്തിൽ ശക്തി എന്നൊരു വാക്ക് ഉണ്ട്. ഞങ്ങൾ ഒരു ശക്തിയോട് പോരാടുകയാണ്. ആ ശക്തി എന്താണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. അധികാരത്തോടാണ് നമ്മൾ പോരാടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ ചോദ്യം എന്താണ് അധികാരം എന്നതാണ്. ആ രാജാവിന്റെ ആത്മാവ് ഇവിഎമ്മിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും സിബിഐ, ആദായനികുതിവകുപ്പിലും കുടികൊള്ളുകയാണെന്നും രാഹുൽ പറഞ്ഞു.