വയനാട് പുൽപ്പള്ളിയിൽ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ വനംവകുപ്പ് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ആയിരക്കണിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്. കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പാക്കം സ്വദേശി പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകൾ പ്രതിഷേധിച്ചു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുൽപള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതിഷേധക്കാര്‍ വനംവകുപ്പിന്‍റെ ജീപ്പ് തടഞ്ഞു. വാഹനത്തിന് മുകളിൽ വനം വകുപ്പിന് റീത്ത് വച്ചു. ടയറിന്‍റെ കാറ്റഴിച്ചു വിട്ടു. റൂഫ് വലിച്ചു കീറി. കേണിച്ചിറയിൽ കടുവ പിടിച്ച പശുവിന്‍റെ ജഡം ജീപ്പിന് മുകളിൽ കെട്ടിവച്ചു. പൊലീസ് വാഹനവും തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പോളിന്റെ ആശ്രിതർക്ക് സർക്കാർ ജോലി, അർഹമായ ധനസഹായം എന്നിവ ഉറപ്പാക്കണം എന്നാണ് ആവശ്യം. ശുപാർശ പറ്റില്ലെന്നും ഉറപ്പ് വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎൽഎമാർക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. പിന്നാലെ പൊലീസ് ലാത്തിചാർജ് നടത്തി.
പൊലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്‍റെ ജീപ്പിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ജനങ്ങളോട് സംസാരിക്കാനെത്തിയ ജനപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കുപ്പിവലിച്ചെറിഞ്ഞു.സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.