കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിനിടെ ഹരിയാന-പഞ്ചാബ് അതിർത്തിയിൽ വീണ്ടും സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതിനെ തുടർന്ന് ദേശീയ തലസ്ഥാനമായ ഗാസിപൂർ അതിർത്തിയിൽ ഗതാഗതം തടസ്സപ്പെട്ടു.
കർഷകരുടെ പ്രതിഷേധം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. അതേസമയം കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ മൂന്നാം ഘട്ട ചർച്ചയും തീർമാനാവാതെ പിരിഞ്ഞു. മൂന്ന് കേന്ദ്രമന്ത്രിമാരാണ് കർഷക സംഘടനാ നേതാക്കളുമായി വ്യാഴാഴ്‌ച രാത്രിയിൽ അഞ്ച് മണിക്കൂറിലധികം നീണ്ട ചർച്ച നടത്തിയത്. ചില വിഷയങ്ങളിൽ സമവായത്തിലെത്തിയെങ്കിലും തങ്ങളുടെ കാർഷിക ഉൽപന്നങ്ങളുടെ എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്. സെക്ഷൻ 144 ഏർപ്പെടുത്തിയതിനാൽ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) വലിയ സമ്മേളനങ്ങൾ നിരോധിച്ചിരിക്കുകയാണ്.
മിനിമം താങ്ങുവില ഉറപ്പാക്കുന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക ലക്ഷ്യമിട്ട് കൊണ്ടാണ് ഫെബ്രുവരി 13 മുതൽ 200ലധികം കർഷക യൂണിയനുകൾ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. 3 ദിവസമായി പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ഒരു മീറ്റർ പോലും മുന്നോട്ട് പോകാൻ പോലീസും അർദ്ധസൈനിക ഉദ്യോഗസ്ഥരും കർഷകരെ അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് രാജ്യത്തുടനീളമുള്ള കർഷക സംഘടനകൾ സർക്കാരിനെതിരെ തങ്ങളുടെ ആവശ്യങ്ങളുമായി ഒന്നിച്ച് നിൽക്കാനായി ഇന്ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. അതിനിടെ, ശംഭു അതിർത്തിയിൽ സമരം ചെയ്ത 63 കാരനായ കർഷകൻ ഹൃദയാഘാതം മൂലം മരിച്ചു.