മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഫാസിലിന് ഇന്ന് 75-ാം പിറന്നാൾ. തന്റെ പിറന്നാൾ ദിനത്തിൽ ആരാധകരുമായി പുതിയ വിശേഷം പങ്കിട്ടിരിക്കുകയാണ് താരം. മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിനൊപ്പമുള്ള പുതിയ ചിത്രമാണ് ഫാസിൽ പ്രഖാപിച്ചത്.
ഫാസിൽ തന്നെയായിരിക്കും ഈ ചിത്രം നിർമ്മിക്കുക. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച തീരുമാനങ്ങളൊന്നും നിലവിൽ എടുത്തിട്ടില്ലെന്നും രണ്ട് മാസത്തിനുള്ളിൽ അത് പൂർത്തിയാകുമെന്നും ഫാസിൽ കൂട്ടിച്ചേർത്തു. ഈ വർഷം മെയ് അവസാനത്തോടെയോ അല്ലെങ്കിൽ ജൂൺ ആദ്യമോ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിലെ ബ്രദേഴ്‌സ് ഹോട്ടലിലെ 19-ാം നമ്പർ മുറിയിൽ വെച്ചായിരുന്നു ഇരുവരും തങ്ങളുടെ പുതിയ ചിത്രത്തിന്റെ ചർച്ചകളും ആരംഭിച്ചത്. മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട മർമ്മപ്രധാനമായ ചർച്ചകൾ നടന്നത് അതേ മുറിയിൽ വെച്ചാണ്. നല്ല രാശിയുള്ള സ്ഥലമായതിനാൽ തുടർന്നുള്ള ചർച്ചകളും എഴുത്തുമെല്ലാം അവിടെ വെച്ചായിരുന്നു.