അയോദ്ധ്യ രാമക്ഷേത്രത്തിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിന് പിന്നാലെ 11 ദിവസത്തെ വ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവിന്ദ് ദേവ് ഗിരി മഹാരാജ് നൽകിയ ‘ചരണാമൃത്’ കുടിച്ചാണ് അദ്ദേഹം കഠിന വൃതത്തിന് അന്ത്യം കുറിച്ചത്. 11 ദിവസത്തെ ആചാരാനുഷ്ഠാനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ പ്രധാനമന്ത്രിയുടെ ഭക്തിയെ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രശംസിച്ചു.
ജനുവരി 12 ന് ആണ് അയോധ്യയിൽ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങ് വരെ 11 ദിവസത്തെ പ്രത്യേക വ്രതം അനുഷ്ഠിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. “ചരിത്രപരവും” “മംഗളകരമായ” അവസരവും എന്ന് താൻ വിശേഷിപ്പിച്ചതിന് സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രഖ്യാപനം.
ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് പോസ്റ്റിലൂടെ സന്തോഷം പങ്കുവെച്ചു. “അയോധ്യാധാമിലെ ശ്രീരാമലല്ലയുടെ ജീവിതത്തിന്റെ സമർപ്പണത്തിന്റെ അസാധാരണ നിമിഷം എല്ലാവരേയും വികാരഭരിതരാക്കുന്നു. ഈ ദൈവികതയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്..!” മോദി കുറിച്ചു.
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ ബിജെപി നേതാക്കൾ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചു. രാഷ്ട്രീയ പ്രമുഖരെ കൂടാതെ രാജ്യത്തെ വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തികൾ ചടങ്ങിൽ പങ്കാളികളാകാൻ അയോധ്യയിലെത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരടക്കം ചടങ്ങിൽ പങ്കെടുക്കുന്നതിനായി അയോധ്യയിലെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൾ ഇഷ അംബാനി ഉൾപ്പെടെയുള്ളവർ ചടങ്ങിന് സാക്ഷിയായി. അതേസമയം പ്രതിപക്ഷ നേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി.