കുട്ടികള്‍ക്കായി വിവിധ വിനോദപരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വൈവിധ്യമായ ഭക്ഷണ സൗകര്യവുമൊരുക്കിക്കൊണ്ട് മുശ്‌രിഫ് പാര്‍ക്കിന് സമീപത്തെ പാര്‍ക്കിംഗ് ഏരിയയില്‍ ‘കാന്റീന്‍ എക്‌സ്’ തുറന്നു. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗവണ്‍മെന്റിന് കീഴിലുള്ള എകണോമി ആന്റ് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആണ് പരിപാടികൾ നടക്കുന്നത്. ഡിസംബർ 15 ന് ആരംഭിച്ച കാന്‍റീന്‍ എക്സ് ഡിസംബർ 31 വരെ ഉണ്ടാകും.
ഹൗസ് ഓഫ് പോപ്‌സ്, ഇന്‍ഫ്യൂസോ കോഫി, ക്രേവ് ബോക്‌സ്, ചങ്ക് ബേക് ഹൗസ്, ജെലാറ്റോണ്‍, ബോബ ബേ ദി മീറ്റ് സ്‌മോക്കേഴ്‌സ്, മിസ്റ്റര്‍ ക്രാബ്, സോസേജ് സലൂണ്‍ തുടങ്ങി ഇരുപതോളം ഭക്ഷ്യ സ്ഥാപനങ്ങളുടെ ഔട്‌ലെറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. വൈകുന്നേരം നാല് മണി മുതലാണ് ഇവിടേയ്ക്ക് പ്രവേശനം ഉള്ളത്. പുലർച്ചെ ഒരു മണിവരെ കേന്ദ്രം തുറന്നുപ്രവർത്തിക്കും. കൂടാതെ പാർക്കിംഗ് ഭാഗത്തായി ഔട്ട് ഡോർ സിനിമാ അനുഭവവും ഒരുക്കിയിട്ടുണ്ട്. കുടുബങ്ങളുമായി ഉല്ലസിക്കാനെത്തുന്നവർക്ക് മികച്ചരീതിയിൽ ആണ് ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നത്. ശൈത്യകാലത്തെ നല്ലൊരു അനുഭവമായിരിക്കും ഇവിടം എന്നും ഇവിടെയെത്തുന്നവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും റീടെയ്ല്‍ ഫെസ്റ്റിവല്‍സ് ആന്‍റ് ഇവന്‍റ്സ് സീനിയർ അസോസിയേറ്റ് കല്‍തം അല്‍ ഷംസി പറഞ്ഞു.
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 29-ാമത് എഡിഷനാണ് ഇപ്പോൾ നടക്കുന്നത് 2023 ഡിസംബര്‍ 8 മുതല്‍ 2024 ജനുവരി 14 വരെയാണ് ഡിസ്എഫ് നടക്കുക. ഡിസ്‌കൗണ്ട് വില്‍പന, കിഴിവുകള്‍, പോപ് അപ് മാര്‍ക്കറ്റുകള്‍, ഹോം ഗ്രൗണ്‍ എക്‌സ്‌ക്‌ളൂസിവ് ഫീച്ചറുകള്‍, റീടെയില്‍ ഓഫറുകള്‍ എന്നിവ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെപ്രത്യേകതകളാണ്.