ലോക്‌സഭയില്‍ രണ്ട് എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തു. മോശം പെരുമാറ്റം ആരോപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴികാടന്‍, എ എം ആരിഫ് എന്നിവര്‍ക്കെതിരെയാണ് നടപടി. ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേയും എഎം ആരിഫ് സിപിഎമ്മിന്റേയും പ്രതിനിധികളാണ്. ഇവര്‍ക്ക് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ല. നേരത്തെ 141 എംപിമാരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിന്നായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ നടപടി നേരിട്ട പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 143 ആയി ഉയര്‍ന്നു.
ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാ ലംഘന വിഷയത്തില്‍ ആഭ്യന്തരമന്ത്രി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് നടത്തിവരുന്നത്. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി പ്രതിഷേധിച്ച 141 എംപിമാരെയാണ് ഇരുസഭകളിലും നിന്നായി കഴിഞ്ഞ ദിവസങ്ങളിലായി പുറത്താക്കിയത്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്ക് ശീതകാല സമ്മേളനത്തിന്റെ ബാക്കിയുള്ള ദിനങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ല. ഇതിന് പിന്നാലെയാണ് ഇവര്‍ ഉന്നയിച്ച ചോദ്യങ്ങളും പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.
നേരത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ 92 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചത്. ഇതോടെ ഇന്നലെ 49 എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തു. കോൺഗ്രസിന്റെ എംപിമാരായ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, എൻസിപിയുടെ സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ്, തൃണമൂൽ കോൺഗ്രസിലെ സുദീപ് ബന്ധോപാധ്യായ എന്നിവരാണ് സസ്പെൻഡ് ചെയ്തത്. അവസാനം സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ കണക്ക് 141 എന്ന റെക്കോര്‍ഡിലെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രണ്ട് പേരെ കൂടി സസ്പെൻഡ് ചെയ്തത്.