സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടി സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിലേക്ക് എത്തുകയാണ്. നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിതനായ നടൻ ദേവന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും കെ. സുരേന്ദ്രൻ കുറിച്ചു.
2004 ല്‍ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച് തുടങ്ങിയ ദേവൻ ഒടുവില്‍ പാര്‍ട്ടിയെ ബിജെപിയില്‍ ലയിക്കുകയായിരുന്നു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. ദേവനേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്. കേരളം എന്തുകൊണ്ട് അവികസിതമായി നിലകൊള്ളുന്നു എന്ന് കണ്ടെത്തിയപ്പോഴാണ് മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസിനോട് ടാറ്റ പറഞ്ഞതെന്നും അതിന് ശേഷമാണ് 2004 ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചതെന്നുമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുന്ന വേളയിൽ ദേവൻ പറഞ്ഞത്.
നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെടുകയായിരുന്നു.